
കൊടുങ്ങല്ലൂർ: പത്ത് വർഷമായി നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പുല്ലൂറ്റ് സമാന്തര പാലം വീണ്ടും പദ്ധതികളുടെ പട്ടികയിൽ. കിഫ്ബി പദ്ധതിയിൽനിന്ന് ഒഴിവാക്കിയ കൊടുങ്ങല്ലൂർ കനോലി കനാലിന് (കൊടുങ്ങല്ലൂർ കായൽ) കുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്ന പദ്ധതിക്കാണ് വീണ്ടും വഴിതുറന്നത്. ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം നടപടികൾ പൂർത്തിയാക്കാൻ മന്ത്രി ഒ.ജെ.ജനീഷ് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പത്ത് വർഷം മുമ്പ് 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിലവിലെ അടങ്കൽ 46.31 കോടി രൂപയാണ്. കിഫ്ബിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പദ്ധതികൾ മാത്രം മുന്നോട്ടുകൊണ്ടുപോകണമെന്ന തീരുമാനം വന്നതോടെ പദ്ധതിയും അനിശ്ചിതത്വത്തിലായിരുന്നു. മുഖ്യമന്ത്രിയുമായി മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ പ്രത്യേക ഇടപെടലിനും കിഫ്ബി ആസ്ഥാനത്ത് ചേർന്ന യോഗത്തിനും പിന്നാലെയാണ് നടപടി.
363.6 മീറ്റർ നീളത്തിൽ 16 സ്പാനുകളോടെയാണ് പാലം നിർമ്മിക്കുക. 11 മീറ്റർ വീതിയുള്ള പാലത്തിൽ 7.5 മീറ്റർ ടാറിംഗ് ഭാഗവും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ കൈവരിയോടുകൂടിയ നടപ്പാതയും ഉണ്ടാകും. ദേശീയ ജലപാതയായ എൻ.എച്ച്.3ന് കുറുകെയാണ് പാലം. ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നിർദേശങ്ങളും ഉദ്യോഗസ്ഥർക്ക് നൽകി. പാലത്തിന്റെ ഇരുവശങ്ങളിലുമായി 197 മീറ്റർ അപ്രോച്ച് റോഡും റോഡിലേക്ക് 200 മീറ്റർ സർവീസ് റോഡും പദ്ധതിയിലുണ്ട്. പദ്ധതിക്കായി ലോകമലേശ്വരം, പുല്ലൂറ്റ് വില്ലേജുകളിൽനിന്ന് 29.06 സെന്റ് ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലമുടമകൾക്ക് 6.96 കോടി രൂപ നഷ്ടപരിഹാരമായി കൈമാറിയിരുന്നു. പദ്ധതിയുടെ അലൈൻമെന്റിലുള്ള വൈദ്യുതി പോസ്റ്റുകളും ലൈനുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും മാറ്റിസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രോജക്ട് ഡയറക്ടർക്ക് കൈമാറാനും മന്ത്രി നിർദ്ദേശിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരനെ കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം ആരംഭിക്കാനുമാണ് തീരുമാനം.
പുല്ലൂറ്റ് സമാന്തര പാലം
പാലത്തിന്റെ നീളം-363.6 മീറ്റർ
സ്പാനുകൾ-16
പാലത്തിന്റെ ആകെ വീതി-11 മീറ്റർ
ടാറിംഗ് ഭാഗം-7.5 മീറ്റർ
അപ്രോച്ച് റോഡ്-197 മീറ്റർ
സർവീസ് റോഡ്-200 മീറ്റർ
ഏറ്റെടുത്ത ഭൂമി-29.06 സെന്റ്
സ്ഥലമുടമകൾക്ക് കൈമാറിയ തുക- 6.96 കോടി
പദ്ധതിയുടെ നിലവിലെ അടങ്കൽ-46.31 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |