
തൃശൂരിൽ നിർമ്മാണം ആരംഭിച്ചിട്ട് 10വർഷത്തിലേറെ
മെഡി. കോളേജിൽ തുടക്കമിട്ടത് ഒന്നര വർഷം മുൻപ്
തൃശൂർ: തൃശൂർ ജനറൽ ആശുപത്രിയോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയ അമ്മയും കുഞ്ഞും ബ്ലോക്ക് അനിശ്ചിതത്വത്തിൽ തുടരുമ്പോൾ, മെഡിക്കൽ കോളേജിൽ ഒന്നര വർഷം മുമ്പ് ആരംഭിച്ച സമാന പദ്ധതി പൂർത്തിയാകുന്നു. കഴിഞ്ഞ സർക്കാർ തുടക്കമിട്ട രണ്ട് കെട്ടിടങ്ങളിൽ മെഡിക്കൽ കോളേജിലേത് ഈ വർഷാവസാനത്തോടെ തുറക്കാനാകുമെങ്കിലും ജനറൽ ആശുപത്രിയിലേത് ഇനിയും കടമ്പകൾ കടക്കാനുണ്ട്. ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മയും കുഞ്ഞും ബ്ലോക്ക് പുതിയ സർക്കാർ അധികാരത്തിലേറിയതോടെ കോർപ്പറേഷന് വിട്ടു നൽകാനുള്ള നീക്കം മാത്രമാണ് പ്രതീക്ഷയേകുന്നത്. എങ്കിലും നിർമ്മാണം പൂർത്തായാക്കി തുറന്നു കൊടുക്കാൻ മാസങ്ങളെടുക്കും.
നൂലാമലകൾ അഴിയുന്നു
തൃശൂരിലെ അമ്മയുംകുഞ്ഞും ബ്ലോക്ക് കോർപ്പറേഷന് കൈമാറിയത് പ്രതീക്ഷയേകുന്നു. നിലവിൽ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെട്ടിടം കോർപ്പറേഷന് കൈമാറണമെന്ന് ആരോഗ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. മേയറുടെയുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തി മന്ത്രി കെ.മുരളീധരനെ കണ്ടായിരുന്നു നിവേദനം നൽകിയിരുന്നത്. നിർമ്മാണത്തിലും ഏറെ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 13കോടി ചെലവിൽ പി.ഡബ്ല്യുഡിയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.
ഇനിയും വേണം 5കോടി
നിർമ്മാണം പൂർത്തിയാക്കാനും അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കാനും ഇനിയും വേണം 5കോടി രൂപ. എം.എൽ.എ ഫണ്ട് ഉൾപ്പെടെ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കനാണ് ലക്ഷ്യം. നിലവിൽ ഒ.പി ടിക്കറ്റ് ഉൾപ്പടെയുള്ള നൽകുന്ന സ്ഥലങ്ങളിൽ ഏറെ ദുരിതമാണ് ജനറൽ ആശുപത്രിയിലുള്ളത്.ഇതിനെല്ലാം പരിഹാരം കാണുന്നതിന് അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാർത്ഥ്യമാകണം.
അവസാനഘട്ടത്തിലേക്ക്
മെഡിക്കൽ കോളേജിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ആറ് നിലകളിലായി അമ്മയും കുഞ്ഞും ബ്ലോക്ക് നിർമ്മാണം അവസാനഘട്ടത്തിലേക്ക്. 277.77 കോടി ചെലവിൽ 47,457.54 സ്‌ക്വയർ മീറ്ററിലാണ് നിർമ്മാണം. ഡിസംബറോടെ കെട്ടിടം പൂർത്തിയാകും. അടുത്ത വർഷം ആദ്യം തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. 840ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. 300കിടക്കകളുള്ള സമുച്ചയത്തിൽ ഗൈനോക്കോളജി,സ്ത്രീകളുടെ സർജറി വിഭാഗം, കുട്ടികളുടെ വിഭാഗം, സർജറി എന്നിവയാണ് ഉണ്ടായിരിക്കുക. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്.
ജനറൽ ആശുപത്രിയോട് ചേർന്നുള്ള കെട്ടിടം തങ്ങളുടെ കൈവശം ലഭിച്ചാൽ എത്രയും പെട്ടന്ന് ഫണ്ട് കണ്ടെത്തി അമ്മയുംകുഞ്ഞും ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കും
-ഡോ.നിജി ജസ്റ്റിൻ, മേയർ
നിർമ്മാണ പ്രവർത്തനം തടസമില്ലാതെ മുന്നോട്ട് പോകുന്നു, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
-ഡോ.രവീന്ദ്രൻ, നോഡൽ ഓഫീസർ, മെഡി.കോളേജ് അമ്മയും കുഞ്ഞും ബ്ലോക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |