
ഓട്ടോമേഷൻ പുതിയ പ്രതീക്ഷ
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്ന കേരളത്തിന് എ.ഐ, റോബോട്ടിക്‌സ് മേഖലയിലെ പുതിയ ചലനങ്ങൾ പ്രതീക്ഷയാകുന്നു. യുവാക്കളുടെ എണ്ണം കുറയുന്നതും ആയുർദൈർഘ്യം കൂടുന്നതും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ തൊഴിലാളിക്ഷാമം ലഘൂകരിക്കാൻ സഹായമായേക്കും. അന്യസംസ്ഥാന ജോലിക്കാരെ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും കൃഷി, നിർമ്മാണം, ലോജിസ്‌റ്റിക്സ്, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ മനുഷ്യർക്കൊപ്പം യന്ത്രങ്ങളും പ്രവർത്തിക്കും.
ഈ മേഖലകളിൽ ഓട്ടോമേഷന്റെയും റോബോട്ടിക‌്സിന്റെയും സാദ്ധ്യതകൾ ഉപയോഗിച്ച് നിരവധി ഉത്പന്നങ്ങളാണ് യു.എസ്, ചൈന, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വികസിപ്പിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ താങ്ങാവുന്ന വിലയിൽ ഈ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നതോടെ ചില മേഖലകളിലെ തൊഴിലാളി ക്ഷാമം കുറയും.
കേരളത്തിന്റെ വെല്ലുവിളികൾ
ജനന നിരക്ക് കുറയുന്നു
വയോജനങ്ങൾ വർദ്ധിക്കുന്നു
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം
രൂക്ഷമായ തൊഴിലാളിക്ഷാമം
ആദ്യം മാറാനിടയുള്ള ജോലികൾ
കെട്ടിട നിർമ്മാണം
കാർഷിക ജോലികൾ
ഗോഡൗൺ ചരക്ക് കൈകാര്യം
ആശുപത്രി സേവനങ്ങൾ
വയോജന പരിചരണം
ഹോട്ടൽ ഹൗസ് കീപ്പിംഗ്
മാറുന്ന കേരളം
ഇഷ്‌ടിക പാകുന്ന യന്ത്രങ്ങളും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവേയും കോൺക്രീറ്റ് പ്രിന്റിംഗും ഭാവിയിൽ കേരളത്തിൽ ദൃശ്യമാകും. വളം, കീടനാശിനി എന്നിവ തളിക്കുന്ന ഡ്രോണുകൾ നിലവിൽ പലയിടത്തും ഉപയോഗിക്കുന്നു. വിളവെടുപ്പ് യന്ത്രങ്ങളും എ.ഐ സഹായമുള്ള ജലസേചനവും യാഥാർത്ഥ്യമായി. ഗോഡൗണുകളിലും തുറമുഖങ്ങളിലും ചരക്ക് അടുക്കിവെക്കാൻ സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകളെത്തുകയാണ്. മരുന്ന് എത്തിക്കുന്ന റോബോട്ടുകളും രോഗികളെ പരിചരിക്കുന്ന എ.ഐ സംവിധാനവും അരങ്ങിൽ ഒരുങ്ങുകയാണ്.
പണി പോകാനിടയില്ലാത്തവർ
ഇലക്ട്രീഷ്യൻ, പ്ളംബർ, കാർപെന്റർ, നഴ്സുമാർ, അദ്ധ്യാപകർ എന്നിവരുടെ ജോലികൾക്ക് എ.ഐ അടുത്ത കാലത്തൊന്നും ഭീഷണി സൃഷ്‌ടിക്കാനിടയില്ല.
ആദ്യം മാറുന്ന മേഖലകൾ
കൃഷി, നിർമ്മാണം, ലോജിസ്‌റ്റിക്‌സ്, ഗോഡൗൺ, ആരോഗ്യം, വയോജന പരിചരണം
വിപ്ളവം സൃഷ്‌ടിക്കുന്ന കമ്പനികൾ
കമ്പനി : സേവനങ്ങൾ
ഫിഗർ എ.ഐ : ഹ്യൂമനോയിഡ്
എജിലിറ്റി റോബോട്ടിക്‌സ്: ഗോഡൗൺ മാനേജ്‌മെന്റ്
ബോസ്‌റ്റൺ ഡൈനാമിക്‌സ്: വ്യാവസായിക റോബോട്ടുകൾ
യുണിട്രീ: കുറഞ്ഞ വിലയുള്ള റോബോട്ടുകൾ
ടെസ്‌ല ഒപ്‌ടിമസ്: ഫാക്‌ടറികൾ/പൊതു ആവശ്യങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |