
ഓഹരി, സ്വർണം വിപണികളിൽ കുതിപ്പ്
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം ശമിക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂക്കുകുത്തി. ഇറാനും അമേരിക്കയും വീണ്ടും സമാധാന ചർച്ചകൾ തുടങ്ങിയെന്ന വാർത്തകൾക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് ഒൻപത് ശതമാനം ഇടിഞ്ഞ് 88 ഡോളറിലെത്തി. അമേരിക്കൻ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നു. മൂന്ന് വാരത്തെ വിലക്കുതിപ്പിന് ശേഷമാണ് ക്രൂഡ് താഴേക്ക് നീങ്ങിയത്. കെപ്ളറിന്റെ ഷിപ്പിംഗ് ഡാറ്റ അനുസരിച്ച് വാരാന്ത്യത്തിൽ പത്തിനടുത്ത് ചരക്കു കപ്പലുകൾ ഹോർമുസ് ഇടനാഴിയിലൂടെ കടന്നുപോയതിനാൽ വിതരണത്തിലെ ആശങ്കകൾ കുറഞ്ഞതും ക്രൂഡോയിൽ വിലയിടിയാൻ കാരണമായി.
ക്രൂഡ് വിലയിലെ ആശ്വാസത്തിന്റെ കരുത്തിൽ രാജ്യത്തെ മുഖ്യ ഓഹരി സൂചികകൾ ആറ് ദിവസത്തെ നഷ്‌ടപാതയിൽ നിന്ന് മുന്നേറി. സെൻസെക്‌സ് 776.01 പോയിന്റ് നേട്ടവുമായി 76,835.78ൽ എത്തി. നിഫ്‌റ്റി 50 സൂചിക 228.5 പോയിന്റ് ഉയർന്ന് 23,995.95ൽ അവസാനിച്ചു. നാണയപ്പെരുപ്പവും ഇറക്കുമതി ബില്ലും കുറയുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഒരവസരത്തിൽ ഔൺസിന് 45 ഡോളർ ഉയർന്ന് 4,095 ഡോളറിന് അടുത്തെത്തി.
ബി.എസ്.ഇയിൽ നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന
5.10 ലക്ഷം കോടി രൂപ
വിദേശ നിക്ഷേപകർ ബയിംഗ് മോഡിൽ
പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷയിൽ യു.എസ് ബോണ്ടുകൾക്ക് പ്രിയം കുറഞ്ഞതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള വളർച്ചാ സാദ്ധ്യതയുള്ള വിപണികളിലേക്ക് പണമൊഴുക്കി. പത്ത് വർഷത്തെ നോട്ടുകളുടെ യീൽഡ് 4.67 ശതമാനമായാണ് ഇടിഞ്ഞത്. കഴിഞ്ഞ വാരത്തെ തകർച്ചയെ തുടർന്ന് ഓഹരികൾ മികച്ച മൂല്യത്തിൽ ലഭിച്ചതും വിദേശ നിക്ഷേപകർക്ക് ആവേശമായി.
കരുത്താർജിച്ച് രൂപ
ലോകത്തിലെ മുൻനിര നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും വിദേശ നിക്ഷേപകരുടെ മടങ്ങിവരവും രൂപയ്ക്ക് ശക്തി പകർന്നു. ആറ് ആഴ്ചയിലെ ഏറ്റവും മികച്ച പ്രതിദിന നേട്ടമാണ് ഇന്നലെ രൂപയുടെ മൂല്യത്തിലുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 61 പൈസ ഉയർന്ന് 95.92ൽ വ്യാപാരം പൂർത്തിയാക്കി.
ഒറ്റനോട്ടത്തിൽ
ബ്രെന്റ് ക്രൂഡ് : 88 ഡോളർ(-9%)
സെൻസെക്‌സ്: +776.01
നിഫ്‌റ്റി50: +228
രൂപ: 95.92(+61 പൈസ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |