
കൊച്ചി: ഓഹരിയോ സ്വർണമോ ബാങ്ക് നിക്ഷേപമോ?അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം എവിടെ നിക്ഷേപിക്കണമെന്ന ആശയക്കുഴപ്പം എല്ലാവർക്കുമുണ്ട്. എല്ലാ പണവും ഒരിടത്ത് മുടക്കാതെ വിവിധ ആസ്തികളിൽ വീതിക്കുന്നതിലൂടെ റിസ്‌ക് കുറയ്ക്കാനും ദീർഘകാലത്തേക്ക് മികച്ച വരുമാനം നേടാനുമാകും. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ, സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയിൽ ആവശ്യത്തിനനുസരിച്ച് മുടക്കിയാൽ ഏതെങ്കിലും ഒരു മേഖല പാളിയാലും മറ്റുള്ളവ ആശ്വാസമാകും. ലക്ഷ്യമിടുന്ന വരുമാനം, കാലയളവ്, റിസ്ക് എടുക്കാനുള്ള ശേഷി എന്നിവ അനുസരിച്ച് വിവിധ മേഖലകൾ തിരഞ്ഞെടുത്ത് ധനകാര്യ വിദഗ്ദ്ധന്റെ ഉപദേശത്തിൽ നിക്ഷേപ തീരുമാനമെടുക്കുന്നതാണ് അഭികാമ്യം.
1. ഓഹരികൾ
ഓഹരി നിക്ഷേപത്തിലൂടെ ഒരാൾക്ക് കമ്പനികളുടെ ചെറിയ ഉടമസ്ഥാവകാശമാണ് ലഭിക്കുന്നത്. കമ്പനി വളരുകയും ലാഭം നേടുകയും ചെയ്യുമ്പോൾ ഓഹരി വില ഉയരുന്നതിനാൽ നിക്ഷേപകന് നേട്ടമാകും. ലാഭവിഹിതവും ഓഹരി വിലയിലെ വർദ്ധനയുമാണ് പ്രധാന വരുമാന മാർഗങ്ങൾ.
2. മ്യൂച്ചൽ ഫണ്ട്
നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ച് വിദഗ്ദ്ധരായ ഫണ്ട് മാനേജർമാർ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്ന സംവിധാനമാണിത്. ഒറ്റത്തവണയായും എസ്.ഐ.പിയിലൂടെയും നിക്ഷേപിക്കാം.
3. സ്വർണം / വെള്ളി നിക്ഷേപങ്ങൾ
ഗോൾഡ്,, സിൽവർ ഇ.ടി.എഫുകൾ പരോക്ഷമായി സ്വർണം, വെള്ളി എന്നിവയിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ട കാലത്ത് ഇവ നേട്ടമാകും.
4. ബോണ്ട് / ഡെറ്റ് ഫണ്ടുകൾ
സർക്കാർ, കമ്പനികൾ തുടങ്ങിയവയുടെ ബോണ്ടുകളിലാണ് ഡെറ്റ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. താരതമ്യേന ചാഞ്ചാട്ടം കുറവായതിനാൽ സ്ഥിരത ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.
5. റിയൽ എസ്റ്റേറ്റ്
ഭൂമിയിലോ വസ്തുക്കളിലോ നേരിട്ട് നടത്തുന്ന നിക്ഷേപങ്ങൾക്ക് പുറമെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലൂടെ (ആർ.ഇ.ഐ.ടികൾ)കുറഞ്ഞ തുകയിൽ ഈ മേഖലയിൽ പങ്കാളികളാകാം. ദീർഘകാലത്തിൽ ഉയർന്ന വരുമാനം നേടാനാകും.
6. ബാങ്ക് / പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
ഉയർന്ന വരുമാനത്തേക്കാൾ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപമാണിത്. കേന്ദ്രസർക്കാരിന്റെ ഗ്യാരന്റിയുള്ള, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സർട്ടിഫിക്കറ്റുകളും റെക്കറിങ് ഡെപ്പോസിറ്റുകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ടും ഈ ഗണത്തിൽ പെടുന്നു.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ദ്ധയാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |