
എ.ഐ സേവനങ്ങൾക്ക് കൂടുതൽ ഊന്നൽ
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ദ്രുതഗതിയിൽ വികസിക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത ബിസിനസ് രീതികളിൽ നിന്നും കളം മാറ്റി ചവിട്ടി ഇന്ത്യൻ ഐ.ടി കമ്പനികൾ. എ.ഐ രംഗത്തെ വളർച്ചയ്ക്ക് കരുത്ത് പകരുന്ന തരത്തിൽ പങ്കാളിത്ത സേവനങ്ങൾ ലഭ്യമാക്കാനാണ് കമ്പനികൾ ഒരുങ്ങുന്നത്. ഇതോടൊപ്പം റോബോട്ടിക്‌സ്, ഹ്യൂമനോയിഡ് രംഗങ്ങളിലെ ഗവേഷണത്തിനും വികസനത്തിനും ആവശ്യമായ ബാക്ക് അപ്പ് സേവനങ്ങളും ഒരുക്കും.. എ.ഐ കരാറുകൾ പരമാവധി സമാഹരിച്ചും ജീവനക്കാരെ കുറച്ചും വൈദഗ്ദ്ധ്യ നവീകരണത്തിലൂടെയും നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ ഇന്ത്യൻ ഐ.ടി കമ്പനികൾ പ്രകടനം മെച്ചപ്പെടുത്തിയിരുന്നു.
പരമ്പരാഗത പുറംജോലിക്കരാറുകളിൽ കമ്പനികൾക്ക് കാര്യമായ വളർച്ച നേടാനാവാത്തതാണ് ഇന്ത്യൻ കമ്പനികളുടെ ഏറ്റവും വലിയ വെല്ലുവിളി, ഇതിനെ നേരിടുന്നതിനായി ടാറ്റ കൺസൾട്ടൻസി സർവീസസും(ടി.സി.എസ്), ടെക്ക് മഹീന്ദ്രയും വിപ്രോയും അടക്കമുള്ള കമ്പനികൾ എ.ഐ വരുമാനത്തിൽ ശ്രദ്ധയൂന്നി പുതിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ ടി.സി.എസിന്റെ എ.ഐ വരുമാനം 14 ശതമാനം ഉയർന്ന് 24,700 കോടി രൂപയിലെത്തിയിരുന്നു. ഇക്കാലയളവിൽ നിരവധി എ.ഐ ജോലിക്കരാറുകളാണ് കമ്പനി ഒപ്പുവെച്ചത്. എസ്.കെ.എഫുമായി 8,550 കോടി ഡോളറിന്റെ മെഗാ ഡീലാണ് ഇതിൽ പ്രധാനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ടി.സി.എസിന്റെ അറ്റാദായം അഞ്ച് ശതമാനം വളർച്ചയോടെ 13,349 കോടി രൂപയായി.
ടെക്ക് മഹീന്ദ്രയുടെ അറ്റാദായം ഇക്കാലയളവിൽ 28.4 ശതമാനം ഉയർന്ന് 1,465.1 കോടി രൂപയായി. ഐ.ടി ബിസിനസിലെ വരുമാനം 17.6 ശതമാനം വർദ്ധനയോടെ 13,245 കോടി രൂപയായി. ടെലിഫോണിക ജർമ്മനി, മൈക്രോസോഫ്‌റ്റ്, റോബോട്ടിക് പ്ളാറ്റ്‌ഫോമായ വിയാം തുടങ്ങിയ കമ്പനികളുമായി എ.ഐ പങ്കാളിത്തവും ടെക്ക് മഹീന്ദ്ര പ്രഖ്യാപിച്ചു. വിപ്രോയുടെ അറ്റാദായം 0.6 ശതമാനം വർദ്ധനയോടെ 3,352 കോടി രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |