തിരുവനന്തപുരം: 21-ാം വയസിൽ ജീവനൊടുക്കിയ മലയാള സിനിമയുടെ 'മർലിൻ മൺറോ'യെന്ന് വിശേഷിക്കപ്പെട്ട വിജയശ്രീയെ പുതുതലമുറയ്ക്ക് പരിചിതമായിരിക്കില്ല. എന്നാൽ ഒരുകാലത്ത് മലയാളത്തിന്റെ നായികാമുഖമായിരുന്നു വിജയശ്രീ. വിഖ്യാതനടൻ പ്രേം നസീറിന്റെ അനേകം സിനിമകളിൽ നായികയായി തിളങ്ങിയെങ്കിലും കാലത്തിന്റെ ക്രൂരതയിൽ അഭിനയമുപേക്ഷിച്ച് ആ 21കാരിക്ക് ജീവൻ ത്യജിക്കേണ്ടിവന്നു.
1953 ജനുവരി എട്ടിന് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിലാണ് വിജയശ്രീ ജനിച്ചത്. മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു അവർ. വിജശ്രീയുടെ ആകർഷക സൗന്ദര്യം കുട്ടിക്കാലത്തുതന്നെ അവരെ സിനിമയിലെത്തിക്കുകയായിരുന്നു. അന്ന് വെറും 13 വയസായിരുന്നു അവർക്ക്. 1966ൽ ചിത്തിയെന്ന തമിഴ് സിനിമയിലൂടെയായിരുന്നു രംഗപ്രവേശം. വിഖ്യാത താരങ്ങളായ ജെമിനി ഗണേശൻ, പദ്‌മിനി എന്നിവരോടൊപ്പമാണ് വിജയശ്രീ സ്ക്രീൻ പങ്കിട്ടത്. പിന്നീട് ഒട്ടനേകം തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ അവർ തിളങ്ങി.1969ൽ പുറത്തിറങ്ങിയ പൂജാപുഷ്‌പമാണ് ആദ്യ മലയാളസിനിമ. തിക്കുറിശി സുകുമാരൻ നായർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേം നസീറും ഷീലയുമായിരുന്നു നായികാനായകന്മാർ.
വിജയശ്രീയുടെ അഭിനയത്തിലും സൗന്ദര്യത്തിലും ആകൃഷ്ടനായ തിക്കുറിശി ഒരേകാലത്തുതന്നെ അവർക്ക് മൂന്ന് സിനിമകൾ ഓഫർ ചെയ്തു. 1970കളിൽ വിജയശ്രീയുടെ കരിയർ കുതിച്ചുയർന്നു. 1971ൽ പുറത്തിറങ്ങിയ ലങ്കാ ദഹനം, 1972ലെ സിനിമകളായ ടാക്‌സി കാർ, ആരോമലുണ്ണി, പോസ്റ്റുമാനെ കാണാനില്ല, 1973ലെ അങ്കട്ടത്ത് തുടങ്ങിയ സിനിമകൾ വിജയശ്രീയെ തിരക്കുള്ള നായികയാക്കി മാറ്റി.
പ്രേം നസീറുമായുള്ള ജോഡിയിലൂടെയാണ് അവർ കൂടുതൽ പ്രശസ്തിയിലേക്കുയർന്നത്. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. അവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി മലയാള സിനിമയിലെതന്നെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ജോഡികളിൽ ഒന്നാണ്. മലയാള സിനിമയിലെ ഏറ്റവും വിജയജോഡി വിജയശ്രീയും പ്രേനസീറുമാണെന്ന് പല മാദ്ധ്യമങ്ങളും അക്കാലത്ത് കുറിച്ചു. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു സിനിമപോലും പരാജയപ്പെട്ടിരുന്നില്ല എന്നതാണ് ഇതിന് കാരണം.
സിനിമകളെപ്പോലെതന്നെ വിജയശ്രീയുടെ സൗന്ദര്യവും അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഹോളിവുഡ് നടി റിത ഹെയ്‌വർത്തുമായാണ് അവരെ പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിരുന്നത്.
വിജയശ്രീയുടെയത്ര ആരാധകർ ഇന്നത്തെ മലയാള നടിമാർക്കുണ്ടായിട്ടില്ലെന്ന് സംവിധായകൻ ജയരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മർലിൻ മൺറോയെന്നാണ് ജയരാജ് വിജയശ്രീയെ വിശേഷിപ്പിച്ചത്. ചെറിയ കാലയളവിൽതന്നെ വലിയ ഹിറ്റുകൾ നേടിയ നടിയായിരുന്നു അവർ. ഈ നേട്ടം മറ്റൊരു മലയാള നടിക്കും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. മലയാള സിനിമയിൽ ഇത്രയും സ്വാധീനം മറ്റൊരാൾക്കും ചെലുത്താൻ സാധിച്ചിട്ടില്ല. അവരെ കാണാൻ മാത്രം ആളുകൾ തിയേറ്ററുകളിലേയ്ക്ക് ഇടിച്ചുകയറുമായിരുന്നുവെന്നും ജയരാജ് പറഞ്ഞു.
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ വിജയശ്രീ ആണെന്ന് സംവിധായകൻ ഭരതനും അഭിപ്രായപ്പെട്ടിട്ടുണ്ട്. നടന്മാരിൽ ഏറ്റവും സുന്ദരൻ ജയൻ ആയിരുന്നെങ്കിൽ വിജയശ്രീയുടെ സൗന്ദര്യത്തെ വെല്ലാൻ ഇന്നും ഒരു മലയാള നടിമാർക്കും കഴിഞ്ഞിട്ടില്ലെന്ന് നടൻ കടുവാക്കുളം ആന്റണിയും വിശേഷിപ്പിച്ചിട്ടുണ്ട്.
വിജയശ്രീയുടെ താരപദവി അവർക്കുതന്നെ പിന്നീട് സമ്മർദ്ദമായി മാറിയിരുന്നു. അവരെ തേടി അനേകം ഗ്ളാമറസ്, ബോൾഡ് കഥാപാത്രങ്ങളെത്തിയത് ഒരുവിഭാഗം ആരാധകർ അവർക്ക് സെക്‌സ് സിംബൽ ടാഗ് നൽകുന്നതിന് കാരണമായി. ഇത്തരം ഇമേജിൽ നിന്ന് ഓടിയൊളിക്കാൻ ആഗ്രഹിച്ച അവർ വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു.
1973ൽ പുറത്തിറങ്ങിയ പൊന്നാപുരം കോട്ടയെന്ന സിനിമയാണ് വിജയശ്രീയുടെ ജീവിതത്തെ മാറ്റിമറിച്ചത്. പ്രേം നസീറായിരുന്നു ഈ സിനിമയിലും നായകൻ. സിനിമയിലെ ഒരു ഗാനരംഗത്തിൽ വെള്ളച്ചാട്ടത്തിനരികെ വെള്ള വസ്ത്രമണിഞ്ഞ് നായികയായ വിജയശ്രീ നിൽക്കുന്നതായുള്ള രംഗമുണ്ടായിരുന്നു. വെള്ളത്തിന്റെ ശക്തിയാൽ വസ്ത്രം ശരീരത്തിൽ നിന്ന് തെന്നിമാറി. ലജ്ജതോന്നിയെങ്കിലും വസ്ത്രം നേരെയാക്കി വിജയശ്രീ അഭിനയം തുടർന്നു. ഇതെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
മലയാള മാദ്ധ്യമങ്ങളുടെയും സിനിമ ചരിത്രകാരന്മാരുടെയും വാക്കുകൾ പ്രകാരം വസ്ത്രം മാറിപ്പോയ രംഗം സിനിമയിൽ ഉപയോഗിക്കില്ലെന്നാണ് വിജയശ്രീ കരുതിയത്. എന്നാൽ സിനിമ കണ്ട വിജയശ്രീ ഞെട്ടിയെന്നും അടുത്ത വൃത്തങ്ങൾ അന്ന് വെളിപ്പെടുത്തി. രംഗം വലിയ ചർച്ചവിഷയമാവുകയും ഇതുകാണാൻ നൂറുക്കണക്കിനുപേർ തിയേറ്ററുകളിലേക്ക് ഇരച്ചെത്തുകയും ചെയ്തു. രംഗം നീക്കം ചെയ്യാൻ വിജയശ്രീ ആവശ്യപ്പെട്ടുവെങ്കിലും നിർമാതാക്കൾ ചെവികൊണ്ടില്ലെന്നും റിപ്പോർട്ടുണ്ട്.
ഗ്ളാമറസ് വേഷങ്ങളിൽ നിന്ന് അകലാൻ ശ്രമിക്കുകയായിരുന്ന നടിക്ക് ഇത് വലിയ ആഘാതമായി. വിവാദരംഗം കാട്ടി സിനിമയുടെ ക്യാമറാമാൻ വിജശ്രീയെ ചൂഷണം ചെയ്യാൻ ശ്രമിച്ചതായും ആരോപണങ്ങളുയർന്നിരുന്നു.
പൊന്നാപുരം കോട്ട സിനിമ പുറത്തിറങ്ങി ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ 1974 മാർച്ച് 17ന് 21-ാം വയസിൽ വിജയശ്രീയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കവേയായിരുന്നു മരണം. നിരവധി സിനിമകൾക്കും കരാറൊപ്പിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്തതിനാൽ മരണത്തിന്റെ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
2011ൽ വിജയശ്രീയുടെ ജീവിതം ആസ്‌പദമാക്കി ജയരാജ് 'നായിക' എന്ന സിനിമ പുറത്തിറക്കി. നടി ശാരദയായിരുന്നു വിജയശ്രീയായി അഭിനയിച്ചത്. ജയറാമായിരുന്നു പ്രേം നസീറായി എത്തിയത്. എന്നാൽ സിനിമയുടെ ക്ളൈമാക്‌സ് വ്യത്യസ്തമായിരുന്നു.
Vijayasree, often called the "Marilyn Monroe of Malayalam cinema," was a highly popular actress in the 1970s, frequently paired with Prem Nazeer. Despite her immense fame, a controversial scene in the 1973 film "Ponapuram Kotta," where her attire slipped, caused her significant distress. She tragically died by suicide at 21 in 1974, at the peak of her promising career.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |