SignIn
Kerala Kaumudi Online
Sunday, 06 September 2026 2.06 PM IST

നദി വൃത്തിയാക്കാൻ ഒറ്റയ്‌ക്കിറങ്ങി; 21കാരന് അന്താരാഷ്‌ട്ര സംഘടനയുടെ ജോലി വാഗ്‌ദാനം

bittu-tabahi
ബിട്ടു തബാഹി

ഭോപ്പാൽ: മലിനമായ നദി വൃത്തിയാക്കാൻ ഒറ്റയ്‌ക്ക് മുന്നിട്ടിറങ്ങിയ 21കാരന് അന്താരാഷ്‌ട്ര തലത്തിൽ അംഗീകാരം. മദ്ധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ ബിയോറ സ്വദേശിയായ സുരേന്ദ്ര സിംഗ് ചൗധരിയെന്ന യുവാവാണ് സ്വന്തം പ്രവർത്തിയിലൂടെ കൈയടി നേടുന്നത്.

സോഷ്യൽ മീഡിയയിൽ 'ബിട്ടു തബാഹി' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജ്‌ഗഡിലെ അജ്‌നാർ നദിയിലെ മാലിന്യം നീക്കം ചെയ്‌തതിലൂടെയാണ് ബിട്ടു ശ്രദ്ധിക്കപ്പെട്ടത്. പ്ലാസ്റ്റിക്കും പായലും ചെളിയുമുൾപ്പടെ നിറഞ്ഞ് ദുർഗന്ധം വമിച്ചിരുന്ന നദിയുടെ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. അധികൃതരുടെ നടപടിക്കായി കാത്തുനിൽക്കാതെയാണ് ബിട്ടു നദി വൃത്തിയാക്കാൻ തീരുമാനിച്ചത്.

2026 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് ബിട്ടു തന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആദ്യം ചില സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ബിട്ടു ഒറ്റയ്‌ക്കാണ് ഈ പ്രയാസകരമായ ജോലി പൂർത്തിയാക്കിയത്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയാണ് ബിട്ടു നദി വൃത്തിയാക്കിയത്. നീന്തൽ അറിയാതിരുന്നിട്ടുപോലും എങ്ങനെയും നദിയെ പൂർവസ്ഥിതിയിലാക്കണമെന്ന ഉറച്ച നിശ്ചയം മാത്രമാണ് ബിട്ടുവിന് ഉണ്ടായിരുന്നത്. ശുചീകരണത്തിനായി സ്വന്തം പണം ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങി. തുടർച്ചയായ വൃത്തിയാക്കലിനിടെ യുവാവിന് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. കൈകാലുകളിൽ അണുബാധയും ചർമ്മത്തിൽ ചൊറിച്ചിലും അനുഭവപ്പെടാൻ തുടങ്ങി. ജോലിക്കിടയിൽ നിരവധി ഇഴജന്തുക്കളുടെ ഭീഷണിയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

ശുചീകരണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദി ഓഷ്യൻ ക്ലീനപ്പിന്റെ സ്ഥാപകനും സിഇഒയുമായ ബോയൻ സ്ലാറ്റ് ബിട്ടുവിന് ജോലി വാഗ്‌ദാനം ചെയ്‌ത് രംഗത്തെത്തി. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് ദി ഓഷ്യൻ ക്ലീനപ്പ്. 'ഞങ്ങളോടൊപ്പം ജോലി ചെയ്യൂ' എന്നായിരുന്നു സ്ലാറ്റിന്റെ പ്രതികരണം.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ബിട്ടുവിന് അഭിനന്ദനവുമായെത്തി. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.

English Summary

A 21-year-old from Madhya Pradesh, known as Bittu Tabahi, went viral for cleaning the polluted Ajnar River. Impressed by his work, The Ocean Cleanup founder Boyan Slat offered him a job.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLEAN INDIA, CLEAN WATER, JOB OFFER, BITTU TABAHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360