റാഞ്ചി: ജാർഖണ്ഡ് ടൂറിസം, നഗരവികസന വകുപ്പ് മന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ സുദിവ്യ കുമാർ (56) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗിരിഡിഹ് നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് സുദിവ്യ കുമാർ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, നിയമസഭാ സ്‌പീക്കർ രവീന്ദ്രനാഥ് തുടങ്ങിയവർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുദിവ്യ കുമാർ തനിക്ക് ജ്യേഷ്‌ഠ സഹോദരനെപ്പോലായിരുന്നെന്നും പ്രയാസകരമായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ എക്‌സിൽ കുറിച്ചു. ജാർഖണ്ഡ് സംസ്ഥാന രൂപീകരണ പ്രസ്ഥാനവുമായി സുദിവ്യ കുമാറിനുണ്ടായിരുന്ന അടുത്ത ബന്ധവും അദ്ദേഹം അനുസ്‌മരിച്ചു. ജാർഖണ്ഡ് മുക്തി മോർച്ചയിലെ ശക്തനായ പ്രവർത്തകനായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ സ്വത്വം, അവകാശങ്ങൾ, അഭിമാനം എന്നിവയ്‌ക്കായുള്ള പോരാട്ടത്തിനായി ജീവിതം സമർപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും സർക്കാരിനും സംസ്ഥാനത്തിനും നികത്താനാകാത്ത നഷ്‌ടമാണെന്ന് ജെഎംഎം പ്രതികരിച്ചു. 2019ലാണ് സുദിവ്യ കുമാർ ആദ്യമായി ഡൽഹിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിരുന്ന അദ്ദേഹം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 2024ൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഹേമന്ത് സോറൻ അറസ്റ്റിലായതിനെ തുടർന്ന് ജെഎംഎം രാഷ്‌ട്രീയ പ്രതിസന്ധിയിലായ നിർണായക ഘട്ടങ്ങളിൽ പാർട്ടി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.
JMM leader and Jharkhand Minister Sudivya Kumar, 56, died of a heart attack in Ranchi. He was a close aide of CM Hemant Soren and a key party leader.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |