ന്യൂഡൽഹി: സിജെപി പ്രഖ്യാപിച്ച തിരംഗ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്രം. 24 മണിക്കൂർ നിരീക്ഷണത്തിന് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘത്തെ സജ്ജമാക്കിയതായാണ് റിപ്പോർട്ട്. ഡൽഹി അതിർത്തിയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിനിടെ ഇന്ന് പുലർച്ചെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച എൻഎസ്യുഐ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ 16ന് വൈകുന്നേരം അഞ്ചുമണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരണമെന്ന് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ നിയോഗിക്കാനാണ് തീരുമാനം.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 16,17 തീയതികളിൽ സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചു. അനധികൃത പ്രവേശനം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡൽഹി പൊലീസ് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. കൊണാട്ട്പ്ലേസിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും എസ്ഐആർ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സിജെപി തിരംഗ മാർച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ക്രമസമാധാനം ലഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ പ്രതിഷേധത്തിന് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തത്.
ദേശീയ പതാക ഉയർത്തുക എന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും അത് കുറ്റകരമല്ലെന്നും ദീപ്കെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങൾ അടച്ചിടുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രതിഷേധത്തിന് 11 പേരെ അനുവദിക്കാമെന്ന് ഡൽഹി പൊലീസ് സിജെപിയെ അറിയിച്ചു. 11 നേതാക്കളുടെ പേര് നൽകാൻ നിർദേശവും നൽകിയിട്ടുണ്ട്. കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി അൽപ്പനേരം പ്രതിഷേധിക്കാൻ അനുവാദം നൽകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കുറച്ചുപേരെ പ്രതിഷേധിക്കാൻ അനുവദിക്കാമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയത്.
The Centre has tightened security in Delhi ahead of the Tiranga March called by the BJP. According to reports, a special Delhi Police team has been deployed for 24-hour surveillance, and an alert has been issued along the Delhi borders.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |