ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിലെ ജന്തർ മന്തറിന് മുന്നിൽ നടത്തിയ 37 ദിവസം നീണ്ടുനിന്ന സമരം ലക്ഷ്യം കണ്ടതിന് പിന്നാലെ പ്രവർത്തകർ നടത്തിയ വിജയാഘോഷം വിവാദമാകുന്നു. ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിൽ സിജെപി പ്രവർത്തകർ നടത്തിയ ആഘോഷത്തിന്റെ വീഡിയോയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെയാണ് ഈ ആഘോഷം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വൈറലായ വീഡിയോയിൽ സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരും മറ്റ് പ്രവർത്തകരും സംഗീതത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണുള്ളത്. സിജെപി സ്ഥാപക അദ്ധ്യക്ഷൻ അഭിജീത് ദിപ്കെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
സിജെപി പ്രവർത്തകരുടെ ആഘോഷം നടന്നത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആയിരുന്നുവെന്ന റിപ്പോർട്ടുകൾ വലിയ വിമർശനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുപ്രീംകോടതി അഭിഭാഷകനും ബിജെപി രാജ്യസഭാംഗവുമായ മഹേഷ് ജെത്മലാനി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഡൽഹിയിൽ സിജെപി നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ സംഘർഷങ്ങളും അരക്ഷിതാവസ്ഥയും നിലനിൽക്കുമ്പോൾ യുവാക്കൾ നടത്തിയ ആഘോഷം ഉചിതമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.
ആഴ്ചകൾ നീണ്ടുനിന്ന സമരത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് മഹേഷ് ജെത്മലാനി സംശയം പ്രകടിപ്പിച്ചു. സമരകാലത്ത് പ്രവർത്തകർക്കായുള്ള യാത്ര, ഭക്ഷണം, താമസം, മറ്റ് ചെലവുകൾ എന്നിവയ്ക്ക് പണം നൽകിയത് ആരാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ ചോദ്യം ഉയർത്തി. ഇതിനെത്തുടർന്ന് സിജെപിയുടെ പ്രവർത്തന രീതി, ധനസ്രോതസ്, സമരശേഷമുള്ള വിജയാഘോഷം എന്നിവയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ ശക്തമായിട്ടുണ്ട്.
സംഘടനയെ പിന്തുണയ്ക്കുന്നവർ ആഘോഷത്തെ ന്യായീകരിക്കുമ്പോൾ വിമർശകർ ധനസ്രോതസിനെക്കുറിച്ചും സമരത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ്.
Cockroach Janata Party (CJP) workers' victory celebration at a luxury Delhi hotel after their successful 37-day protest at Jantar Mantar has sparked controversy. A viral video of the lavish festivities, reportedly following Union Education Minister Dharmendra Pradhan's resignation, drew widespread criticism. Questions were raised regarding the appropriateness of the celebration amidst post-protest tension and the funding sources for their long-running agitation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |