ചെന്നൈ: നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾക്കിടെ താരം വനിതാ സന്നദ്ധപ്രവർത്തകർക്ക് നൽകിയ ഉപഹാരം ചർച്ചയാവുന്നു. ഉപഹാരത്തിൽ ബിജെപിയുടെ താമര ചിഹ്നം ആലേഖനം ചെയ്തിരുന്നതാണ് ചർച്ചയാവുന്നത്. നടൻ ബിജെപിയുടെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഇന്നലെ ചെന്നൈയിലെ സെമഞ്ചേരിയിലുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലായിരുന്നു വനിതാ പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തിയത്. രാവിലെ മുതൽ കനത്ത മഴ പെയ്‌തിട്ടും വിവിധ ജില്ലകളിൽ നിന്നുള്ള വനിതാ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
നേരത്തെ 'ധനുഷ് നർപണി മൻട്രം' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ആരാധക സംഘടനയെ അടുത്തിടെ 'ധനുഷ് നർപണി ഇയക്കം' എന്ന പേരിൽ ജീവകാരുണ്യ സംഘടനയാക്കി മാറ്റിയിരുന്നു. 'തമിഴക എഴുച്ചി കഴകം' എന്ന പേരിൽ രാഷ്‌ട്രീയ കക്ഷിയായും രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. സംഘടനയിലെ വനിതാ പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത 3000 പേർക്ക് ധനുഷ് കാമാക്ഷി വിളക്കാണ് സമ്മാനമായി നൽകിയത്. വിളക്കിന്റെ അടിയിൽ ചെറുതായി താമര ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. നടന്റെ നിർദേശപ്രകാരമാണ് താമര ചിഹ്നം വിളക്കിൽ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ആരാധക സംഗമത്തെക്കുറിച്ചും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ചുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ധനുഷ് പ്രതികരിച്ചില്ല. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, 'വളരെ സന്തോഷം' എന്നു മാത്രം പറഞ്ഞ് കൂടുതൽ പ്രതികരണങ്ങൾക്ക് നിൽക്കാതെ മടങ്ങുകയായിരുന്നു.
Actor Dhanush has sparked political speculation after gifting 3,000 women volunteers Kamakshi lamps featuring the BJP’s lotus symbol at a meeting in Chennai. His fan club was recently transformed into a charitable organisation, and a political party named Tamilaga Ezhuchi Kazhagam has reportedly been registered. Dhanush declined to comment on rumours of his political entry or alleged BJP support.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |