SignIn
Kerala Kaumudi Online
Monday, 26 October 2026 3.39 PM IST

അജ്ഞാത വനിതാ സുഹൃത്തിന് സൈനിക വിവരങ്ങൾ ചോർത്തി നൽകി: കരസേന മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

READ ENGLISH VERSION

babu
ബാബുവിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റുചെയ്യുന്നു

ചെന്നൈ: സൈനിക രഹസ്യങ്ങൾ അജ്ഞാത വനിതാ സുഹൃത്തിന് ചോർത്തി നൽകിയ കരസേന മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂ‌ർ കീഴ്‌വല്ലം സ്വദേശി ബാബു (52) ആണ് അറസ്റ്റിലായത്. ആയുധങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് വാട്സാപ്പിലൂടെ കൈമാറിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റ് എന്ന് സംശയിക്കുന്ന അജ്ഞാത സ്ത്രീക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയതെന്നാണ് കണ്ടെത്തൽ.

ഇന്ത്യൻ ആർ‌മിയിൽ ആർട്ടിലറി, പ്രതിരോധ ഉപകരണ വിഭാഗങ്ങളിലായി 28 വർഷത്തോളം സേവനമനുഷ്ഠിച്ച ബാബു ക്യാപ്റ്റൻ പദവിയിലിരിക്കെ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ശേഷം നാട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.

ഏകദേശം ഒരു വർഷം മുൻപാണ് വാട്സാപ്പ് വഴി അജ്ഞാതസ്ത്രീ ബാബുവിനെ ബന്ധപ്പെടുന്നത്. അശ്ലീല സംഭാഷണങ്ങളിലൂടെയും വീഡിയോ കോളിലൂടെയും ഇയാളെ വലയിലാക്കിയ സ്ത്രീ പിന്നീട് തന്ത്രപൂർവം വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

തനിക്ക് അറിയാവുന്ന വിവരങ്ങൾ നൽകിയതിന് പുറമെ നിലവിൽ സ‌ർവീസിലുള്ളതും വിരമിച്ചതുമായ തന്റെ സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് ബാബു കൂടുതൽ വിവരങ്ങൾ സ്ത്രീക്ക് ചോർത്തിനൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഒരു വർഷമായി ഇത്തരത്തിൽ സൈനിക രഹസ്യങ്ങളും ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ചോർത്തി നൽകിയതായാണ് സംശയം. ബാബുവിന്റെ സംശയാസ്‌പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ സൈനിക ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം തെളിഞ്ഞതോടെ ഇയാളെ വെല്ലൂർ റൂറൽ പൊലീസിന് കൈമാറുകയും കനിയമ്പാടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിൽ വെല്ലൂർ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ബാബുവുമായി ബന്ധപ്പെടുകയും രഹസ്യ വിവരങ്ങൾ കൈക്കലാക്കുകയും ചെയ്‌ത സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഈ വാട്‌സാപ്പ് അക്കൗണ്ട് കൈകാര്യം ചെയ്‌തത് ആരാണെന്നും വിവര ചോർച്ചയിൽ വിദേശ പൗരന്മാരോ വിദേശ സംഘടനകളോ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

English Summary

A 52-year-old former Indian Army captain, Babu, from Keezhvallam in Vellore, has been arrested for allegedly leaking military secrets about weapons and vehicles via WhatsApp to an unidentified woman suspected of being a Pakistani intelligence agent.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FORMER ARMY CAPTAIN ARREST, LEAK MILITARY SECRETS, TAMILNADU, INDIAN ARMY ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360