SignIn
Kerala Kaumudi Online
Sunday, 26 July 2026 2.02 PM IST

ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ ശരിക്കും ജയിച്ചത് ബിജെപി? നടത്തിയത് തന്ത്രപരമായ 'ബലിയർപ്പിക്കൽ'

dharmendra-pradhan
ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: ഒരുചുവട് പിന്നോട്ടുവച്ചശേഷം രണ്ടുചുവട് മുന്നോട്ടുവയ്ക്കുക. ഡൽഹിയിലെ യുവജന പ്രക്ഷോഭത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ ബിജെപി ലക്ഷ്യമിട്ടത് ഈ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇനിയുള്ള നാളുകളിൽ ഇന്ത്യ തങ്ങളുടെ കൈകളിൽ തന്നെ ഭദ്രമാക്കാനുള്ള വലിയ തന്ത്രങ്ങൾക്കാണ് അവർ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. യുവജനങ്ങളുടെ സമരം അതിനൊരു തടസമായേക്കാമെന്ന് അവർ ചെറുതായെങ്കിലും ഭയന്നിരുന്നു. ആ ഭയം ഒഴിവാക്കി വിജയം സുനിശ്ചിതമാക്കാനുള്ള ചെറിയൊരു ബലിയായിരുന്നു പ്രധാന്റെ രാജി എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

എന്തുവിലകൊടുത്തും ബിജെപി പാസാക്കിയെടുക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളിലൊന്നാണ് മണ്ഡല പുനർനിർണയ ബിൽ. ഇനിയുള്ള നാളുകൾ ഇന്ത്യ തങ്ങളുടെ കൈകളിൽ തന്നെ ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നായാണ് ബിജെപി അതിനെ കാണുന്നത്. മൺസൂൺ സമ്മേളയത്തിൽ ഈ ബിൽ അവതരിപ്പിക്കുമെന്ന ഒരു സൂചനയും കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ല. അഞ്ചുബില്ലുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പട്ടികയിൽ ഇല്ലെങ്കിലും ഓഗസ്റ്റ് പതിമൂന്നുവരെ നീളുന്ന പാർലമെന്റ് സമ്മേളനത്തിൽ മുന്നറിയിപ്പുകളില്ലാതെ തന്നെ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

നേരത്തേ സഭകളിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് കീറാമുട്ടിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി. കൂറുമാറ്റങ്ങളിലൂടെ തങ്ങൾക്കനുകൂലമായ അന്തരീക്ഷം അവർ ഇരുസഭകളിൽ ഒപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ ഏതുബില്ലും എതുഭേദഗതിയും പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. അതിന്റെ പരീക്ഷണം മൺസൂൺ സമ്മേളനത്തിൽ നടത്തിനോക്കാനായിരുന്നു പദ്ധതി.

എന്നാൽ സിജെപിയുടെ സമരത്തെ മുൻനിറുത്തി പാർലമെന്റിലെ തങ്ങളുടെ അജണ്ടകൾ കോൺഗ്രസും മറ്റുപ്രതിപക്ഷ പാർട്ടികളും ചേർന്ന് അട്ടിമറിക്കുന്നതാണ് മൺസൂൺ സമ്മേളനത്തിന്റെ തുടക്കത്തിലേ ബിജെപിക്ക് കാണാൻ കഴിഞ്ഞത്. ജന്തർ മന്ദറിലെ സാഹചര്യം സ്ഫോടനാത്മകമായി തുടരുന്നിടത്തോളം പാർമെന്റിലെ അജണ്ടകൾ നടപ്പാക്കാൻ തങ്ങൾക്കാവില്ലെന്നും എത്രയുംപെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.

ചോദ്യപ്പേപ്പർ ചോർച്ച കൈകാര്യം ചെയ്യാൻ പ്രത്യേക നിയമനിർമ്മാണങ്ങൾ നടത്തിയതും സമരത്തെക്കുറിച്ച് അതുവരെ ഒരക്ഷരം പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രിയിൽ വീഡിയോ സന്ദേശം പുറത്തിറക്കിയതും ചർച്ചയിൽ സിജെപിയുടെ ആവശ്യങ്ങൾ ഒട്ടുമുക്കാലും അംഗീകരിച്ചതും അതുകൊണ്ടായിരുന്നു. പ്രധാന്റെ രാജിയിൽ കുറയാത്ത ഒന്നും യുവാക്കൾ അംഗീകരിക്കില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും ബിജെപി നേരത്തേതന്നെ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നലെ പൊടുന്നനെ പ്രധാന്റെ രാജി ഉണ്ടായതും.

സിജെപി സമരത്തിന്റെ ക്രെഡിറ്റ് കോൺഗ്രസ് തട്ടിയെടുക്കുന്നത് തടയുക എന്ന ലക്ഷ്യവും പ്രധാന്റെ രാജിക്കുപിന്നിലുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. കർഷകരുടെ സമരവും ഇതിന് സമാനമായിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും കർഷക സമരത്തിന്റെ ക്രെഡിറ്റ് കൈവശപ്പെടുത്തുമെന്ന ഘട്ടം വന്നപ്പോൾ സുപ്രധാനമായ മൂന്ന് നിയമങ്ങൾ പിൻവലിച്ചുകൊണ്ടാണ് കർഷക സമരം അവസാനിപ്പിച്ചത്.

തങ്ങളുട‌െ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഏതറ്റംവരെയും താഴാൻ ബിജെപ്പി ഒരുമടിയും കാണിക്കാറില്ല. മുതിർന്ന നേതാക്കളായ ജെപി നദ്ദയും സിംഗും വിദ്യാർത്ഥികളും പുതുമുഖങ്ങളുമായ സിജെപി നേതാക്കൾ അശുതോഷ് രങ്കയും സൗരവ് ദാസിനും മുന്നിൽ കൈകെട്ടിയിരുന്ന് വിനീത വിധേയരെപ്പോലെ സംസാരിക്കുന്ന കാഴ്ച ഇതിന് വ്യക്തമായ ഉദാഹരണമായിരുന്നു. അനിവാര്യമായ ഘട്ടങ്ങളിലെ തന്ത്രപരമായ പിന്മാറ്റവും കീഴ്പ്പെടലും എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് പറയാനാവില്ല.

English Summary

Political observers believe the BJP used a strategic move by accepting Dharmendra Pradhan's resignation. They say the party stepped back once to strengthen its position and move forward with a bigger political advantage amid the youth protests in Delhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN, BJP, DHARMENDRA PRADHAN RESIGNATION, BJP POLITICS, DHARMENDRA PRADHAN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360