ന്യൂഡൽഹി: രാഷ്‌ട്രീയ നേട്ടങ്ങളെക്കാൾ രാജ്യത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ഉയർന്ന നിലയിൽ കാണുന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇന്നലെ ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത്. ബിജെപി നേതാക്കൾക്ക് ഏതൊരു പദവിയെക്കാളും പ്രധാനം രാജ്യവും രാജ്യത്തെ യുവാക്കളുമാണെന്നാണ് രാജിക്ക് പിന്നാലെ അമിത് ഷാ പ്രതികരിച്ചത്.
'ബിജെപി പ്രവർത്തകർക്ക് ഏതൊരു പദവിയെക്കാളും പ്രധാനപ്പെട്ടത് രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഈ തത്വത്തിന്റെ ഉദാഹരണമാണ്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുറ്റക്കാരെ കർശനമായി ശിക്ഷിക്കുന്നതിനായി മോദി സർക്കാർ സ്വീകരിച്ച തീരുമാനങ്ങൾ അഭിനന്ദനാർഹമാണ്'. അദ്ദേഹം എക്‌സിൽ കുറിച്ചു.
വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലയളവിൽ ധർമ്മേന്ദ്ര പ്രധാൻ നിരവധി പ്രധാനപ്പെട്ട പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, പിഎം ശ്രീ സ്‌കൂളുകളുടെ വ്യാപനം, ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം, പരീക്ഷകളിൽ മാതൃഭാഷകളുടെ ഉപയോഗം വർദ്ധിപ്പിക്കൽ, നൈപുണ്യ വികസനം, വ്യവസായിക അക്കാദമിക മേഖലകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ തുടങ്ങിയവയെക്കുറിച്ച് അമിത് ഷാ എടുത്തുപറഞ്ഞു.
Amit Shah said Dharmendra Pradhan’s resignation reflects the BJP’s priority of protecting students over political gains. Amid nationwide protests over the NEET paper leak, Shah assured students of justice and promised strict action against those responsible. He also praised Pradhan’s contributions to major education reforms.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |