SignIn
Kerala Kaumudi Online
Thursday, 23 July 2026 3.17 AM IST

ഒറ്റയ്‌ക്ക് കോൺഗ്രസ് പ്രതിഷേധം: 'ഇന്ത്യ' മുന്നണിയിൽ അതൃപ്‌തി

t

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിലും ഒന്നിച്ചു നിന്നിട്ടും ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് ഒറ്റയ്‌ക്ക് സമരം നടത്തിയതിൽ 'ഇന്ത്യ' മുന്നണിയിലെ കക്ഷികൾക്ക് അതൃപ്‌തി. മുന്നണി യോഗത്തിൽ ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ക്ഷമ ചോദിച്ചു.

പാർലമെന്റിൽ ഇന്നലെ രാവിലെ ചേർന്ന പതിവ് മുന്നണി യോഗത്തിലാണ് മിന്നൽ വേഗത്തിൽ മറ്റു കക്ഷികളെ ഒഴിവാക്കി കോൺഗ്രസ് നടത്തിയ പ്രതിഷേധം ചർച്ചയായത്. ഉച്ചയ്‌ക്ക് രാഷ്‌ട്രപത ഭവനിലേക്ക് സമരം നടത്താൻ ആലോചിച്ചെങ്കിലും ഉപേക്ഷിച്ചിരുന്നു. മൂന്നുമണിക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വരണമെന്ന് മറ്റ് പാർട്ടി നേതാക്കൾക്കും സന്ദേശം ലഭിച്ചു. എന്നാൽ പരിപാടി റദ്ദാക്കിയതായി മറ്റൊരു സന്ദേശം തൊട്ടു പിന്നാലെ വന്നു.

പക്ഷേ കോൺഗ്രസ് എംപിമാരും നേതാക്കളും മൂന്നുമണിക്ക് ഖാർഗെയുടെ വസതിയിൽ എത്തിയിരുന്നു. അവിടെ നിന്നാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങിയത്. തങ്ങളെ മനപൂർവം ഒഴിവാക്കിയതാണെന്ന തോന്നൽ മുന്നണിയിലെ മറ്റു കക്ഷികൾക്കുണ്ടായി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻ.സി.പി നേതാവ് സുപ്രിയ സുലേ തുടങ്ങിയ നേതാക്കൾ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് നേരിട്ട് സമരസ്ഥലത്തെത്തിയിരുന്നു.

കേന്ദ്ര സർക്കാരിനെതിരായ സമരങ്ങളിൽ ഏകോപനം ആവശ്യമാണെന്ന് സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ യു.ഡി.എഫിലെ കക്ഷിയായിട്ടും ക്ഷണിക്കാത്തതിൽ മുസ്ലീം ലീഗിനും അതൃപ‌്തിയുണ്ട്. മുന്നണി വികാരം മനസിലാക്കിയ രാഹുൽ ഗാന്ധി ക്ഷമ ചോദിക്കുകയും ഇനിയുള്ള സമരം ഒന്നിച്ച് നടത്താമെന്ന് ഉറപ്പു നൽകുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360