
ന്യൂഡൽഹി: നിയമവിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്‌ക്ക് (ബി.സി.ഐ) അധികാരമില്ലെന്ന് സുപ്രീംകോടതി. സർവകലാശാലയ്‌ക്കും സ്ഥാപനത്തിനുമാണ് അതിനുള്ള അധികാരം. അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടയാനും ബി.സി.ഐയ്‌ക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമവിദ്യാർത്ഥികൾ അഭിഭാഷകരായി മാറിയശേഷം പെരുമാറ്റദൂഷ്യമുണ്ടായാൽ ബി.സി.ഐയ്‌ക്ക് അച്ചടക്കനടപടിയെടുക്കാം. ചീഫ് ജസ്റ്റിസിനെ ബഹിഷ്‌ക്കരിക്കുമെന്ന് ആഹ്വാനം ചെയ്‌ത ഹൈദരാബാദ് നാൽസാർ സർവകലാശാലയിലെ നിയമവിദ്യാർത്ഥികളെ എൻറോൾ ചെയ്യുന്നതിൽ നിന്ന് ബി.സി.ഐ തടഞ്ഞിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണിത്. നിർദ്ദേശം പിന്നീട് ബാർ കൗൺസിൽ പിൻവലിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഹർജികൾ കോടതി തീർപ്പാക്കി.
ഇടപെടാൻ വിസമ്മതിച്ചു
ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്രയുടെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് നിർദ്ദേശിച്ചു. ഓഗസ്റ്റ് 21ന് ബി.സി.ഐ ആസ്ഥാനത്തിനു മുന്നിൽ ഒരുവിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. അവിടെയെത്തിയ ഒരുസംഘം ആക്രമിച്ചെന്നും അന്വേഷണം സി.ബി.ഐയ്‌ക്ക് വിടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |