കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഒൻപത് ദിവസം പിന്നിടുന്നതിനിടെ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. റസുവ ജില്ലയിലെ തൃശൂലിലുള്ള ഹൈഡ്രോ പവർ പ്രോജക്‌ടിന്റെ തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. തുരങ്കത്തിന്റെ ഉള്ളിൽ നിന്ന് കൂടുതൽ പേരുടെ ശബ്ദം കേട്ടതായി രക്ഷാസംഘങ്ങൾ പറഞ്ഞു.
ഓഗസ്റ്റ് 26ലെ പ്രളയത്തിനുശേഷം തൃശൂലി തുരങ്കത്തിൽ നിന്ന് 40 പേരെയാണ് കാണാതായത്. കബീർ മഹർജൻ (30), സഞ്ചയ് ഷാ (45) എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി സുദൻ ഗുരുംഗ് അറിയിച്ചു. നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിറ്റിയിലെ മെക്കാനിക്കൽ ഫോർമാൻ ആണ് സഞ്ചയ്. കബീർ പ്രോജക്‌ട് സൂപ്പർവൈസറാണ്. അതേസമയം, രാജ്യത്തെ ആറ് ഹൈഡ്രോ പവർ പ്ളാന്റുകളിൽ നിന്ന് കാണാതായവരുടെ എണ്ണം 900 ആണ്.
തുരങ്കത്തിന്റെ ഉള്ളിൽ നിന്ന് കൂടുതൽ ശബ്ദങ്ങൾ കേട്ടതായി രക്ഷാസംഘം അറിയിച്ചതായി തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ എഞ്ചിനീയർ ശ്രീറാം നീപാൻ പറഞ്ഞു. പരിഭ്രാന്തരാകരുത്, ഞങ്ങൾ നിങ്ങളെ രക്ഷപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ തുരങ്കത്തിനുള്ളിൽ നിന്ന് പ്രതികരണം ലഭിച്ചതായും സംഘം വെളിപ്പെടുത്തിയെന്നും ശ്രീറാം വ്യക്തമാക്കി. നേപ്പാൾ സൈന്യവും പൊലീസും രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണെന്നും സന്തോഷവാർത്ത ഉടൻ കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുരങ്കത്തിന്റെ പല ഭാഗങ്ങൾ തകർന്നതും മോശം കാലാവസ്ഥയും ഭൂഗർഭ രക്ഷാപ്രവർത്തന സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഭൂഗർഭ പാതകളിൽ തടസമായി കിടക്കുന്ന ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ആധുനിക യന്ത്രങ്ങളും പ്രത്യേക ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തുരങ്കത്തിന്റെ 150 മീറ്ററോളം രക്ഷാസംഘം എത്തിയിട്ടുണ്ട്. നേരത്തെ ഇവിടെനിന്ന് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
Two workers were rescued from a tunnel in Nepal’s Rasuwa district, nine days after a flash flood trapped them. Forty people were initially reported missing from the tunnel. Rescue teams continue searching after hearing voices inside. Damaged tunnels, debris, bad weather and limited underground facilities are making the operation difficult.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |