
ന്യൂഡൽഹി: വിവാദമായ കർണാടകയിലെ ധർമസ്ഥല മാനഭംഗ കൊലക്കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. 2012ലാണ് 17കാരി കൊടുംക്രൂരതയ്‌ക്കിരയായത്. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണരീതി കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ എസ്.ഐ.ടി രൂപീകരിക്കണമെന്ന് കർണാടക സർക്കാരിന് നിർദ്ദേശം നൽകി. പഴയ അന്വേഷണസംഘത്തിലെ ആരും ഇതിലുണ്ടാകരുത്. മാനസിക വെല്ലുവിളികൾ നേരിടുന്നയാളായിരുന്നു പ്രതി. ആ വ്യക്തിക്ക് ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാൻ കഴിയില്ലെന്ന് കണ്ടെത്തി വിചാരണക്കോടതി വെറുതെവിട്ടിരുന്നു. അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുന്ന തരത്തിൽ അന്വേഷണം നടന്നിട്ടില്ല. യഥാർത്ഥ കുറ്റവാളികൾ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. ബലാത്സംഗ കൊലപാതകത്തിൽ ധർമസ്ഥലയിലെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |