SignIn
Kerala Kaumudi Online
Monday, 26 October 2026 3.38 PM IST

199ൽ ഔട്ട്, ഡബിൾ സെഞ്ച്വറിക്ക് ഒരു റൺ അകലെ ഇന്ത്യൻ താരം പുറത്ത്; വിവാദമായി അമ്പയറുടെ തീരുമാനം

devdutt-padikkal
ദേവ്ദത്ത് പടിക്കൽ

ലിങ്കൺ: ന്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത്യ എയുടെ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായി ദേവ്ദത്ത് പടിക്കൽ. 199 റൺസിൽ നിൽക്കെയാണ് അമ്പയറുടെ വിവാദമായ തീരുമാനത്തെത്തുടർന്ന് താരത്തിന് വിക്കറ്റ് നഷ്ടമായത്. പുറത്തായതിനുപിന്നാലെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണവും ശ്രദ്ധേയമായി.

ലിങ്കണിലെ ബെർട്ട് സട്ട്ക്ലിഫ് ഓവലിൽ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സിലാണ് പടിക്കൽ മികച്ച പ്രകടനം കാഴ്ചവച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 56 റൺസുമായി പുറത്താകാതെ നിന്ന താരം മൂന്നാം ദിനവും മികവ് തുടർന്നു. എന്നാൽ 199 റൺസിലെത്തിയപ്പോൾ സാക് ഗിബ്‌സന്റെ പന്തിൽ വിക്കറ്റ് കീപ്പർ മിച്ചൽ ഹേയ്ക്ക് ക്യാച്ച് നൽകി പടിക്കൽ പുറത്താകുകയായിരുന്നു.

എന്നാൽ പുറത്തായെന്ന് വിശ്വസിക്കാനാവാതെ പടിക്കൽ കുറച്ച് നേരം കൂടി ക്രീസിൽ തുടർന്നു. പന്ത് ബാറ്റിൽ തട്ടിയില്ലെന്ന നിലപാടിലായിരുന്നു താരം. ബാറ്റിനും പന്തിനും ഇടയിൽ വ്യക്തമായ അകലം ഉണ്ടായിരുന്നുവെന്ന വാദത്തിൽ പടിക്കൽ ഉറച്ചുനിന്നു. എന്നാൽ അമ്പയറുടെ തീരുമാനം മാറ്റാനാകാത്തതിനാൽ മടങ്ങേണ്ടിവന്നു. അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ഡിആർഎസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം)​ ഇല്ലാത്തതാണ് താരത്തിന് തിരിച്ചടിയായത്.

ആദ്യ ഇന്നിംഗ്സിൽ വെറും 113 റൺസിന് പുറത്തായ ഇന്ത്യ എയ്ക്ക് മറുപടിയായി ന്യൂസിലൻഡ് എ 317 റൺസ് നേടിയിരുന്നു. ഇതോടെ 204 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ തന്നെ യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലാകുകയായിരുന്നു.

തുടർന്ന് പടിക്കലും സായ് സുദർശനും ചേർന്ന് മൂന്നാം വിക്കറ്റിൽ 215 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. സുദർശൻ 91 റൺസെടുത്ത് ഔട്ട് ആയതിന് പിന്നാലെ യശ് റാത്തോഡിനൊപ്പം ചേർന്ന് പടിക്കൽ പുതിയ കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 142 റൺസ് കൂട്ടിച്ചേർത്തു. റാത്തോഡ് 66 റൺസാണ് എടുത്തത്.

 ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പടിക്കലിന്റെ പ്രകടനം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ ടെസ്റ്റിൽ 167, 44 എന്നിങ്ങനെ റൺസുകൾ നേടിയ പടിക്കൽ രണ്ടാം ടെസ്റ്റിൽ 117 റൺസും സ്വന്തമാക്കിയിരുന്നു.

English Summary

Devdutt Padikkal narrowly missed a double century, getting dismissed for 199 during India A’s unofficial Test against New Zealand A in Lincoln. The batter appeared unhappy with the umpire’s decision, maintaining that the ball had not touched his bat. Padikkal shared crucial partnerships with Sai Sudharsan and Yash Rathod, scoring 199 as India A fought back after conceding a 204-run first-innings lead.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVDUTT PADIKKAL, INDIA A VS NEW ZEALAND A, CONTROVERSIAL UMPIRE DECISION, TESTCRICKET, DEVDUTT PADIKKAL MISSED DOUBLE CENTURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360