SignIn
Kerala Kaumudi Online
Monday, 27 July 2026 4.30 AM IST

ട്രാക്കിലാകാൻ ഇന്ത്യ

india-athletics

കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ശ്രീശങ്കർ ഇന്ന് യോഗ്യതാ റൗണ്ടിനിറങ്ങുന്നു

ഗ്ളാസ്ഗോ : ഇന്ത്യൻ മെഡൽ പ്രതീക്ഷകളുമായി കോമൺവെൽത്ത് ഗെയിംസിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. സ്കോട്ട്സ്റ്റൗൺ സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ്, പാരാ അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ ദിനത്തിൽ 9 ഇനങ്ങളിലാണ് ഫൈനൽ നടക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കു നടക്കുന്ന പുരുഷ വിഭാഗം ലോംഗ്ജമ്പ് മത്സരത്തിൽ മലയാളി താരവും കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ എം.ശ്രീശങ്കർ മത്സരിക്കുന്നുണ്ട്.

ഇവർ ഇന്ത്യൻ പ്രതീക്ഷകൾ

നീരജ് ചോപ്ര

രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയിട്ടുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് അത്‌ലറ്റിക്സിലെ സൂപ്പർ പ്രതീക്ഷ. പക്ഷേ കടുത്ത വെല്ലുവിളിയാണ് നീരജിനെ കാത്തിരിക്കുന്നത്. പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷദ് നദീം, രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള ആൻഡേഴ്സൺ പീറ്റേഴ്സ്, അടുത്തിടെ 92.62 മീറ്റർ എറിഞ്ഞ ശ്രീലങ്കൻ താരം രുമേഷ് തരംഗ,ഇന്ത്യയിൽ നിന്നുതന്നെയുള്ള യഷ്‌വീർ സിംഗ്, രോഹിത് യാദവ് എന്നിവരെല്ലാം നീരജിനൊപ്പം മത്സരിക്കാനുണ്ട്. വ്യാഴാഴ്ചയാണ് പ്രാഥമികറൗണ്ട് മത്സരം.

എം.ശ്രീശങ്കർ

പുരുഷ ലോംഗ്ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ശ്രീശങ്കറിലാണ്. കഴിഞ്ഞഗെയിംസിലെ വെള്ളിമെഡൽ ജേതാവ്. 6.38 മീറ്റർ ചാടി മികച്ച ഫോമിൽ. ഇന്ന് പ്രാഥമികറൗണ്ട്.

തേജസ്വിൻ ശങ്കർ

കഴിഞ്ഞ ഗെയിംസിലെ പുരുഷ ഹൈജമ്പ് വെങ്കലമെഡൽ ജേതാവ്.ഇക്കുറി ഡെക്കാത്ത്ലണിൽ മത്സരിക്കുന്നു. നിലവിലെ ദേശീയ റെക്കാഡിനുടമ.വ്യാഴാഴ്ചയാണ് മത്സരങ്ങൾ തുടങ്ങുന്നത്.

സർവേഷ് കുഷാരേ

ഹൈജമ്പ്

ഹൈജമ്പിലെ നിലവിലെ ദേശീയ റെക്കാഡിനുടമ. 2.31 മീറ്റർ ക്ളിയർ ചെയ്ത് മികച്ച ഫോമിൽ. ‌ ഈ ഗെയിംസിൽ മത്സരിക്കുന്നവരിൽ ഏറ്റവും മികച്ച പ്രകടനത്തിനുടമ. ഇന്നാണ് ഫൈനൽ.

പ്രവീൺ ചിത്രവേൽ

ട്രിപ്പിൾ ജമ്പ്

കഴിഞ്ഞ ഗെയിംസിൽ നാലാം സ്ഥാനത്തായിരുന്നു. 17.08 മീറ്ററാണ് ഈ സീസണിലെ മികച്ച പ്രകടനം.

വ്യാഴാഴ്ചയാണ് പ്രാഥമിക റൗണ്ട്.

തേജസ് ഷിർസെ

110 മീറ്റർ ഹഡിൽസ്

13.27 സെക്കൻഡാണ് സീസണിലെ മികച്ച സമയം. കടുത്തവെല്ലുവിളിയുള്ള ഇനമായതിനാൽ സ്വർണം ലഭിച്ചില്ലെങ്കിലും ഒരു മെഡൽ നേടാനുള്ള തയ്യാറെ‌ടുപ്പിലാണ്.

പരുൾ ചൗധരി

3000 മീറ്റർ സ്റ്റീപ്പിൾ ചേസ്

കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡലിസ്റ്റ്. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വെല്ലുവിളി കടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360