SignIn
Kerala Kaumudi Online
Friday, 10 July 2026 11.47 AM IST

'തിലകിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്ത് ചെയ്യണമെന്ന ധാരണയില്ല: സഞ്ജു സാംസൺ ടീമിൽ വേണം'

-tilak-varma
തിലക് വർമ്മ

ബ്രിസ്‌റ്റോള്‍: തുടർച്ചയായ തോൽവികളെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ കഴിഞ്ഞ നാല് ട്വന്റി- 20 മത്സരങ്ങളിലും പരാജയപ്പെട്ട ടീം ഇന്ത്യ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടുന്നുണ്ട്. നോട്ടിംഗ്ഹാമിൽ നടന്ന മൂന്നാം ട്വന്റി-20യിൽ 76 റൺസിന് ഓൾഔട്ടായതോടെ ഇന്ത്യൻ ബാറ്റിംഗ് നിര പൂർണമായും പ്രതിക്കൂട്ടിലായി.

ഇതിന് പിന്നാലെ, വൈസ് ക്യാപ്ടൻ തിലക് വർമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും ബിസിസിഐ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തിലക് വർമ്മയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ലെന്നും അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

'അദ്ദേഹം ഇതിനകം തന്നെ വൈസ് ക്യാപ്ടനാണ്, വൈകാതെ ക്യാപ്ടനുമായേക്കും. കൂടുതൽ വേഗതയും ബൗൺസുമുള്ള പന്തുകൾ കണ്ട് തിലക് വർമ്മ പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറയുമെങ്കിലും എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ല. നിങ്ങൾ അദ്ദേഹത്തെ പ്രധാന ബാറ്ററും വൈസ് ക്യാപ്ടനുമാക്കുന്നു, എന്നിട്ടും ഫാസ്റ്റ് ബൗളിംഗ് നേരിടാൻ പേടിച്ചിട്ട് തിലകിനെ ഒളിപ്പിച്ചു നിർത്തുന്നു. അതുകൊണ്ടാണോ അക്ഷർ പട്ടേലിനെ തിലകിന് മുൻപ് ബാറ്റിംഗിന് ഇറക്കുന്നത്. ഷോർട്ട് പിച്ച് പന്തുകൾക്ക് മുന്നിൽ തിലക് പതറുമെന്ന് അവർക്ക് നന്നായി അറിയാം. തിലകിനെ ടീമിൽ നിന്നും മാറ്റണമെന്ന് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്, പക്ഷേ അവർ കേൾക്കുന്നില്ല. തിലക് വർമ്മയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണം'- ശ്രീകാന്ത് കൂട്ടിച്ചേർത്തു.

മൂന്നാം ട്വന്റി-20യിൽ 11 പന്തുകൾ നേരിട്ട തിലക് വർമ്മയ്ക്ക് വെറും മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ക്രീസിൽ കടുത്ത സമ്മർദ്ദത്തിലായിരുന്നു താരം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഏറ്റവും കുറഞ്ഞ സ്‌കോറായ 76 റൺസിന് ഇന്ത്യ പുറത്തായപ്പോൾ, ആ തകർച്ചയുടെ നേർച്ചിത്രമായിരുന്നു തിലകിന്റെ പ്രകടനം.

അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പകരം വൈഭവ് സൂര്യവംശിക്ക് അവസരം നൽകിയെങ്കിലും തിളങ്ങാനായില്ല. ഇന്ത്യൻ ബാറ്റിംഗ് നിര ഒന്നടങ്കം തകർന്നിരിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന അവസാന ട്വന്റി-20 മത്സരങ്ങളിൽ സഞ്ജു ടീമിൽ തിരിച്ചെത്താൻ സാദ്ധ്യതയേറെയാണ്. തുടർച്ചയായ രണ്ടാം ട്വന്റി-20 പരമ്പര കൈവിടാതിരിക്കാനെങ്കിലും ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THILAK VARMA, LATESTNEWS, SANJU SAMSON, SREEKANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360