SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.24 AM IST

പാകിസ്ഥാനെതിരെ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസ് താരം, ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ നേട്ടം

-justin-greaves-
വെസ്റ്റ് ഇൻഡീസ് പേസർ ജസ്റ്റിൻ ഗ്രീവ്സ്

പോർട്ട് ഓഫ് സ്‌പെയിൻ: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വെസ്റ്റ് ഇൻഡീസ് പേസർ ജസ്റ്റിൻ ഗ്രീവ്സ്. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സമാനതകളില്ലാത്ത നേട്ടം ജസ്റ്റിൻ ഗ്രീവ്സ് കൈവരിച്ചത്. തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്‌ഡൻ ഓവറുകൾ എറിഞ്ഞ ആദ്യ ബൗളറെന്ന റെക്കാഡാണ് താരം കുറിച്ചത്. ഒപ്പം ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് 2016 ജനുവരിയിൽ ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് തുടർച്ചയായ വിക്കറ്റ് മെയ്‌ഡൻ ഓവറുകൾ എറിഞ്ഞ റെക്കാഡാണ് ഗ്രീവ്സ് പഴങ്കഥയാക്കിയത്. മത്സരത്തിൽ 11 ഓവറുകൾ എറിഞ്ഞ ഗ്രീവ്സ്,6 മെയ്‌ഡനുകൾ അടക്കം 27 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി. ഷാൻ മസൂദ്, മുഹമ്മദ് റിസ്വാൻ, ആമിർ ജമാൽ, അലി ഉസ്മാൻ, മുഹമ്മദ് അബ്ബാസ് എന്നിവരാണ് ഗ്രീവ്സിന്റെ പന്തിൽ പുറത്തായത്. പാക്കിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 282 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.

മത്സരത്തിന്റെ ഗതി മാറ്റിയ സ്‌പെൽ

ഒരു ഘട്ടത്തിൽ സെഞ്ച്വറി നേടിയ ഷാൻ മസൂദിന്റെ കരുത്തിൽ 3 വിക്കറ്റിന് 244 റൺസിൽ മികച്ച നിലയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ ക്യാപ്ടൻ റോസ്റ്റൺ ചേസിന്റെ നിർദ്ദേശപ്രകാരം കൃത്യതയോടെ പന്തെറിഞ്ഞ ഗ്രീവ്സ് പാക് നിരയെ തകർത്തുതരിപ്പണമാക്കി ഓരോരുത്തരെയായി കൂടാരം കയറ്റുകയായിരുന്നു.

ഗ്രീവ്സിന്റെ ചരിത്രനേട്ടത്തിന് ശേഷം ബൗളിംഗിൽ ശക്തമായി തിരിച്ചടിച്ച പാക്കിസ്ഥാൻ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസിനെ 126 റൺസിന് 7 വിക്കറ്റ് എന്ന നിലയിലേക്ക് വീഴ്ത്തിയിട്ടുണ്ട്. നിലവിൽ വിൻഡീസിന് 155 റൺസിന്റെ ലീഡാണുള്ളത്.

English Summary

West Indies pacer Justin Greaves became the first bowler in Test cricket history to bowl five consecutive wicket-maiden overs, breaking Stuart Broad's previous record of four.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUSTIN GREAVES, SPORTS, WI VS PAK, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360