SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.19 PM IST

'പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം'; പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമെന്ന് സിജെപി മാർച്ചിൽ സുപ്രീം കോടതി

cjp-march
സിജെപി പ്രതിഷേധ മാർച്ച്

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമാണെന്ന് സുപ്രീം കോടതി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പൊലീസ് നിയമങ്ങൾ പാലിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തീർത്തും സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. ആരെങ്കിലും നിയമത്തിനപ്പുറം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നിയമംതന്നെ അത് കൈകാര്യം ചെയ്യും. ഉത്തരവാദിത്തം പാലിച്ചില്ലെങ്കിൽ അന്വേഷണം അർത്ഥമില്ലാത്തതാകുമെന്നും സുപ്രീം കോടതി പറഞ്ഞു.

'വിശദമായ വാദത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. ഇത് വിദ്യാർത്ഥികൾ നടത്തിയ തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നു. അവർ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രതിഷേധം നടന്നത്. അവർക്ക് അവരുടേതായ കാഴ്ചപ്പാടുണ്ടായിരുന്നു. അത്തരം സമാധാനപരമായ പ്രതിഷേധങ്ങളിൽ എപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥികൾ ഉണ്ടാകും. ഒരു അജണ്ടയുമായി എത്തുന്ന അവർ വളരെ വേഗം സഹ-ആതിഥേയരായി മാറുന്നു.

ഭരണഘടനാപരമായ അവകാശങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളോട് ഈ രീതിയിൽ പെരുമാറിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എല്ലാ സ്റ്റേക്ക് ഹോൾഡർമാരും ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണം. കോടതി മുമ്പ് ഒരു പ്രോട്ടോക്കോൾ നിർദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോൾ പലതും പാരമ്പര്യേതര രീതിയിലാണ് സംഭവിക്കുന്നത്. ഏത് തരത്തിലുള്ള കണ്ണീർ വാതകമോ സമാനമായ നടപടികളോ ഉപയോഗിക്കണമെന്നും അവയുടെ ഉപയോഗം അനുവദിക്കണമോ എന്നും നാം നിർണയിക്കേണ്ടതുണ്ട്. എല്ലാത്തിനുമുപരി പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടയിൽ അക്രമികൾ അകത്തുകടക്കാനുള്ള സാദ്ധ്യതയുമുണ്ട്'- സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടന്നിട്ടുണ്ടെങ്കിൽ കേന്ദ്രം അതിനെ നിസാരമായി കാണില്ലെന്ന് കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. അതിൽ നടപടി സ്വീകരിക്കണം. 250 പൊലീസുകാർക്കും പരിക്കേറ്റു. സത്യം പുറത്തുകൊണ്ടുവരാൻ ശരിയായ അന്വേഷണം നടത്തണം. നമ്മുടെ സേനയെ തളർത്താൻ കഴിയില്ലെന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

English Summary

The Supreme Court said India needs a new police protocol for handling protests, stressing that peaceful demonstrations are a democratic right and require independent investigations into any alleged misconduct. The court also noted that outsiders can infiltrate peaceful protests. The central government said any excessive force by police would be investigated while highlighting injuries to 250 police personnel.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT PROTEST PROTOCOL, POLICE PROTEST RULES, DELHI PROTEST CASE, CJP MARCH, CJP PARLIAMENT MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360