ന്യൂഡൽഹി: ഡൽഹിയിലെ അഡീഷണൽ ഡി.സി.പി സന്ദീപ് ലാംബയെ പൊലീസ് അന്വേഷണ മേൽനോട്ടത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുറ്റം തെളിയും മുൻപ് ഉദ്യോഗസ്ഥനെ മുൻകൂട്ടി കുറ്റക്കാരനായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഗിരീഷ് കത്പാലിയയാണ് ഹർജി തള്ളിയത്.
'നിങ്ങൾ നീതിപൂർവ്വമായി പെരുമാറണം. സംവിധാനത്തെ താറടിക്കുന്നത് നിർത്തുക. അയാൾ എന്തെങ്കിലും തെറ്റ്‌ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനുള്ള പ്രത്യാഘാതം അദ്ദേഹം നേരിടണം. എന്നാൽ അതുകൊണ്ട് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള മുഴുവൻ ജോലിയും എടുത്തുമാറ്റണമെന്ന് അർത്ഥമില്ല.'- കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടയിൽ സന്ദീപ് ലാംബ ഒരു സ്ത്രീയുടെ മുഖത്തടിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന് ശേഷം, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം മുൻവിധി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
ഹർജിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തതായി ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒരു വീഡിയോ ക്ലിപ്പിന്റെ പേരിൽ മാത്രം ഉദ്യോഗസ്ഥനെ മുൻകൂട്ടി കുറ്റക്കാരനായി ചിത്രീകരിക്കാൻ കഴിയില്ലെന്നും, വിചാരണയിലൂടെ കുറ്റം തെളിയും മുമ്പ് അദ്ദേഹം കുറ്റം ചെയ്തുവെന്ന് കരുതുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഇതിനകം കഴിഞ്ഞതുകൊണ്ട് ഹർജിക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് നിരീക്ഷിച്ച കോടതി അത് തള്ളുകയായിരുന്നു.
The Delhi High Court dismissed a petition seeking the removal of Additional DCP Sandeep Lamba from police investigation supervision, noting that the plea had become irrelevant since the probe was already complete.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |