
കോപ്പൻഹേഗൻ: സമുദ്രത്താൽ ചുറ്റപ്പെട്ട മനോഹരമായ കുഞ്ഞൻ ദ്വീപായ ഫെറോ ഐലൻഡ്‌സിലെ കടൽത്തിരകൾ ആരെയും ഞെട്ടിക്കുന്നതാണ്. ചുവന്ന നിറമാണ് ഇപ്പോൾ ഈ തിരകൾക്ക്. ആഹാരത്തിനായി വേട്ടയാടപ്പെടുന്ന തിമിംഗിലങ്ങളുടെയും ഡോൾഫിനുകളുടെയും രക്തമാണിത്.!
പതിവ് തെറ്റിക്കാതെ ഈ വർഷവും ഫെറോ ഐലൻഡ്‌സിൽ തിമിംഗിലവേട്ട ആരംഭിച്ചു കഴിഞ്ഞു. മേയ് 4ന് തുടങ്ങിയ തിമിംഗിലവേട്ടയിൽ ഇതുവരെ 825 പൈലറ്റ് തിമിംഗിലങ്ങൾക്കും ഡോൾഫിനുകൾക്കുമാണ് ജീവൻ നഷ്ടമായത്.
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ബ്രിട്ടൻ, നോർവെ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾക്കിടയിലാണ് ഫെറോ ഐലൻഡ്‌സ്. നൂറ്റാണ്ടുകളായി തിമിംഗിലവേട്ട ഇവിടുത്തെ ജനങ്ങൾ പിന്തുടരുന്ന രീതിയാണ്. ഏകദേശം 1,000 വർഷത്തോളം പഴക്കമുണ്ട് തിമിംഗിലവേട്ടയ്ക്ക്. തിമിംഗിലത്തിന്റെ മാംസവും അതിന്റെ കൊഴുപ്പും ദ്വീപിലുള്ളവരുടെ പരമ്പരാഗത ഭക്ഷണമാണ്. ശൈത്യകാലത്തേക്ക് വേണ്ടി ഇവയുടെ മാംസം ഉണക്കി സൂക്ഷിക്കുന്നത് പതിവാണ്. പണ്ട് കാലം മുതൽ തന്നെ കടലിൽ വച്ച് മൂർച്ചയേറിയ കുന്തം ശരീരത്തിലൂടെ കുത്തിയിറക്കിയാണ് തിമിംഗിലങ്ങളെ ഫെറോ ഐലൻഡ്‌സിലുള്ളവർ കൊല്ലുന്നത്. തിമിംഗിലങ്ങളുടെ നട്ടെല്ലിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന തരത്തിലാണത്.
പൈലറ്റ് തിമിംഗിലങ്ങളെ കൂടാതെ അറ്റ്ലാന്റിക് വൈറ്റ് - സൈഡഡ് ഡോൾഫിനുകളാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. വർഷത്തിൽ ഏകദേശം 1,00,000 ത്തോളം പൈലറ്റ് തിമിംഗിലങ്ങൾ ഫെറോ ഐലൻഡ്‌സ് തീരത്തു കൂടി കടന്നു പോകുന്നുണ്ട്.
പ്രതിവർഷം 800 പൈലറ്റ് തിമിംഗിലങ്ങളെങ്കിലും വേട്ടയാടപ്പെട്ടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പതിനായിരത്തോളം തിമിംഗിലങ്ങളെയും ഡോൾഫിനുകളെയുമാണ് കൊന്നത്. നിരവധി പരിസ്ഥിതി സംഘടനകൾ തിമിംഗില വേട്ടയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഫലമില്ല. ഡെൻമാർക്കിന്റെ അധീനതയിലാണ് ഫെറോ ഐലൻഡ്‌സ്. തിമിംഗില വേട്ടക്കാർ ഫെറോ ഭരണകൂടത്തിൽ നിന്ന് ലൈസൻസ് വാങ്ങണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |