
തൃശൂർ: വാണിയമ്പാറയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന കാൽക്കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ കല്ല് റിയാസ് എന്നറിയപ്പെടുന്ന റിയാസ് (37) ആണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ എം.ഡി.എം.എ കടത്തുന്ന സംഘങ്ങളുടെ തലവനാണ് റിയാസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവസ്തുക്കൾ എത്തിക്കുന്നതിന്റെ ഇടനിലക്കാരനുമാണ് ഇയാൾ.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ആംബുലൻസിൽ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടിയത്. രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് അന്തർസംസ്ഥാന ലഹരി സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ പീച്ചി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.അമീർഅലി,തൃശൂർ സിറ്റി ഡാൻസാഫിലെ എ.എസ്.ഐ ജീവൻ.ടി.വി, സി.പി.ഒ വിപിൻദാസ്.കെ.ബി, പീച്ചി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എസ്.ലാലു, സി.പി.ഒ നിവ്യ.കെ.ബി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
താമസം അരലക്ഷം വാടകയുള്ള ഫ്‌ളാറ്റിൽ
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ വലിയ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് റിയാസ് ഒളിവിൽ കഴിഞ്ഞിരുന്നത്. മാസം അരലക്ഷത്തോളം രൂപയാണ് വാടക. 150ഓളം സുരക്ഷാ ജീവനക്കാരുടെ കാവലിലായിരുന്ന ഫ്‌ളാറ്റിൽ കേരള പൊലീസിന് നേരിട്ട് പ്രവേശിക്കുക പ്രയാസമായിരുന്നു.
റിയാസ് ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങുന്ന സമയം നിരീക്ഷിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. 2024ൽ കാറിൽ ഒളിപ്പിച്ച നിലയിൽ 300 ഗ്രാമോളം എം.ഡി.എം.എ കടത്തിയ കേസിലും റിയാസ് പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |