മൂന്നുപേർ പിടിയിൽ
കൊച്ചി: ലഹരി വിതരണ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ യുവാവിനും മാതാവിനും പരിക്ക്. ഇഷ്ടികയുമായി അതിക്രമിച്ചുകയറി വീട്ടുപകരണങ്ങളുൾപ്പെടെ തകർത്തു. സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ മൂന്നുപേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഇടപാടുകൾ പൊലീസിന് ചോർത്തിയെന്ന സംശയത്തെത്തുടർന്നായിരുന്നു ആക്രമണം.
രാമേശ്വരം സ്റ്റാച്യു ജംഗ്ഷൻ കുരിശുപറമ്പ് റോഡ് ആലുങ്കൽ വീട്ടിൽ നിജു പീറ്റർ (38), കൂട്ടാളികളായ മരട് ഷൺമാരുതൻ റോഡ് കൊടുവശേരി വീട്ടിൽ ആന്റണി ജോസഫ് (43), ആലപ്പുഴ പൂച്ചാക്കൽ തയ്ക്കാട്ടുശേരി കുട്ടംപുറം ചക്കുത്തറയിൽ സി.കെ. നോബിൾ (37) എന്നിവരാണ് പിടിയിലായത്.
21ന് വൈകിട്ടാണ് രാമേശ്വരം വാലുമ്മേൽ റോഡിൽ അലൻ ടോണി ജോസഫും (37) കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വാടയ്ക്കൽ വീട്ടിൽ ആക്രമണം നടന്നത്. ഇഷ്ടികയുമായി എത്തിയ അക്രമികൾ വീട്ടിലെ ടി.വിയും മാതാവിന്റെ രൂപവും ജനാലച്ചില്ലുകളും കാറിന്റെ മുൻചില്ലുകളും തകർത്തു. അലന് തലയ്ക്കും മുതുകിനും അടിയേറ്റു. നിലത്തിട്ടും തല്ലിച്ചതച്ചു. മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വൃദ്ധമാതാവിനും അടിയേറ്റത്.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ഞായറാഴ്ച രാത്രി എസ്.ഐ കെ.എൽ. പ്രിജുവിന്റെ നേതൃത്വത്തിൽ പനങ്ങാട്ടുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ കാറിൽ കടക്കാൻ ശ്രമിക്കുകയായിരുന്നു. നിജു പീറ്ററിന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ കേസുകളുണ്ട്. മുൻ കൂട്ടാളിയായ അലൻ പൊലീസിന് ലഹരിയിടപാട് ചോർത്തിയെന്നാണ് പ്രതികളുടെ സംശയം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ ഷാഹിർ, സീനിയർ സി.പി.ഒ സുധീഷ്, ജയകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |