
വെള്ളിക്കുളങ്ങര : യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്‌റ്റേഷൻ റൗഡി അറസ്റ്റിൽ. മറ്റത്തൂർ ഒമ്പതുങ്ങൽ കലങ്ങോല വീട്ടിൽ ആന്റു (39) വിനെയാണ് അറസ്റ്റ് ചെയ്തത്. മുരിക്കിങ്ങൽ പുത്തേഴത്തിൽ വീട്ടിൽ സിജോ ജോസഫ് (47) നെയാണ് ആക്രമിച്ചത്.
പ്രതിക്ക് ഐസ്‌ക്രീം കച്ചവടമാണ് ജോലി. പരാതിക്കാരന്റെ ഐസ്‌ക്രീം വണ്ടിയാണ് പ്രതി ഓടിക്കുന്നത്. അങ്കമാലി യൂദാപുരം എന്ന സ്ഥലത്തു വച്ച് ഐസ്‌ക്രീം വണ്ടി മതിലിൽ ഇടിച്ച് കേടുവരുത്തിയിരുന്നു. അത് ശരിയാക്കാനുള്ള തുകയിൽ 15,000 രൂപ പ്രതി കൊടുക്കാമെന്ന് പരാതിക്കാരനോട് പറഞ്ഞിരുന്നു.
ഇതിനെപ്പറ്റി പരാതിക്കാരൻ പ്രതിയുടെ സുഹൃത്തിനോട് പറഞ്ഞതിലുള്ള വിരോധം വെച്ചാണ് പ്രതിയുടെ ഒമ്പതുങ്ങലിലുള്ള വീടിനടുത്തുള്ള റോഡിൽ വെച്ച് കത്തി ഉപയോഗിച്ച് പ്രതി പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതു ചെവിയിൽ മുറിവേറ്റു. ആന്റു വെള്ളിക്കുളങ്ങര, കൊടകര പൊലീസ് സ്‌റ്റേഷൻ പരിധികളിലായി അഞ്ച് ക്രിമിനൽക്കേസിൽ പ്രതിയാണ്. വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ എസ്.ഐമാരായ ജോഫി ജോസ്, ജോഷി, വെൽസ്, ഹോംഗാർഡ് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |