SignIn
Kerala Kaumudi Online
Saturday, 27 June 2026 11.40 PM IST

നേരം, പ്രേമം ഇനി 'വിജയം'; നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

READ ENGLISH VERSION
vijayam

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം ഒടുവിൽ എത്തി. 12 വർഷങ്ങൾക്ക് ശേഷം മെഗാ ഹിറ്റ്‌ കൂട്ടുകെട്ടായ നിവിൻ പോളിയും സംവിധായകൻ അൽഫോൻസ് പുത്രനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ‘വിജയം’ എന്ന് ടൈറ്റിൽ നൽകി. നേരം, പ്രേമം എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷമാണ് 'വിജയ'ത്തിനായി ഇരുവരും ഒന്നിക്കുന്നത്.

നിവിൻ പോളിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമായ ഈ പ്രോജക്ടിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ എറണാകുളത്തെ പത്മ തിയേറ്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി പുറത്തിറക്കി. റേസിംഗ് ലോകത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും എഡിറ്റിംഗും നിർവ്വഹിക്കുന്നത് അൽഫോൻസ് പുത്രൻ തന്നെയാകും.

പോളി ജൂനിയർ പിക്ചേഴ്സിനൊപ്പം സിനീഹോളിക്‌സിന്റെ ബാനറിൽ ടോൺസൺ ടോണിയും സുനിൽ രാമാടി യും ചേർന്നാണ് 'വിജയം' നിർമ്മിക്കുന്നത്. പ്രോജക്ട് ഡിസൈനറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂട്ടു ശിവാനന്ദനാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് സൂപ്പർ ഹിറ്റ് ആയ ദുരന്ദർ, ദുരന്ദർ 2 എന്നീ സിനിമകളുടെയും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിന്റെയും മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ച മലയാളിയായ സ്റ്റീവ് കോട്ടൂർ ആണ്.

അൽഫോൻസ് പുത്രനെ ട്രോളിക്കൊണ്ട് ആരംഭിക്കുന്ന 'വിജയ'ത്തിന്റെ അനൗൺസ്മെന്റ് വീഡിയോയിൽ പിന്നീട് നിവിനും അൽഫോൻസും ഒരുമിച്ച് നടത്തുന്ന യാത്രയിലൂടെ മുന്നേറുന്നതാണ് കാണുന്നത്. ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനുമുൻപ് ഈ കൂട്ടുകെട്ട് സൃഷ്ടിച്ച സിനിമാറ്റിക് ആഘോഷങ്ങൾ പരിഗണിക്കുമ്പോൾ, നിവിൻ പോളിയുടെ അൻപതാം ചിത്രം നൽകുന്ന പ്രതീക്ഷ ചെറുതല്ല. 'വിജയ'ത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ പുറത്തു വിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, NIVIN PAULY, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA