SignIn
Kerala Kaumudi Online
Monday, 21 September 2026 3.23 AM IST

പവർകട്ട് പ്രതിസന്ധി അടുത്തമാസവും

powercut

തിരുവനന്തപുരം: വരും മാസങ്ങളിലെ ആവശ്യകത പൂർണമായും പരിഹരിക്കാനുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്തതിനാൽ, പവർകട്ട് പ്രതിസന്ധി അടുത്തമാസത്തേക്കും നീണ്ടേക്കും. ഒഴിവാകണമെങ്കിൽ മഴ കനത്ത് പെയ്യേണ്ടി വരും. മഴയിൽ ഉപഭോഗം കുറഞ്ഞാൽ ഒരു പരിധി വരെ പ്രതിസന്ധിയിൽ കുറവുണ്ടായേക്കും. ശരാശരി പീക്ക് സമയ ഉപഭോഗം 5,000 മെഗാവാട്ടിൽ അധികമാണെങ്കിൽ മഴയിൽ അത് 600 മെഗാവാട്ടിന്റെയെങ്കിലും കുറവുണ്ടാക്കും.

ഡാമിൽ വെള്ളമെത്തിയാൽ ആഭ്യന്തര ഉത്പാദനവും വർദ്ധിപ്പിക്കാം. കഴിഞ്ഞദിവസത്തെ ആഭ്യന്തര ഉത്പാദനം 23.41 ദശലക്ഷം യൂണിറ്റായിരുന്നു. പക്ഷേ കഴിഞ്ഞവർഷം ഇതേസമയം 32.63 ദശലക്ഷമായിരുന്നു. ജലസംഭരണികളിലെ ജലനിരപ്പ് ശേഷിയുടെ 61 ശതമാനമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം കുറവാണിത്. കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങാനാരംഭിച്ചെങ്കിലും രണ്ടു ദിവസമായി പരക്കെ മഴ ലഭിക്കുന്നത് ആശ്വാസമാണ്.

നിലവിൽ പീക്ക് ടൈം ആവശ്യകതയായ 5,115 മെഗാവാട്ടിൽ 762 മെഗാവാട്ടിന്റെ കുറവാണുള്ളത്. മഴ പെയ്താൽ, പുറത്തുനിന്നും വാങ്ങേണ്ട വൈദ്യുതിയുടെ അളവും കുറയ്ക്കാം. കഴിഞ്ഞദിവസം 74.5444 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. പക്ഷേ കഴിഞ്ഞവർഷം ഇക്കാലയളവിൽ 54.3044 ദശലക്ഷമായിരുന്നു വാങ്ങിയത്. വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി വാങ്ങൽ കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിക്കുന്നുണ്ട്.

പല വൈദ്യുതി ഉത്പാദകരുമായി ധാരണയായെങ്കിലും ഈ വൈദ്യുതി പീക്ക് സമയ ആവശ്യം നേരിടാൻ പര്യാപ്തമല്ല. മഹാരാഷ്ട്രയിലെ മഹാജെൻകോയുമായി ഏർപ്പെടാനുദ്ദേശിക്കുന്ന ദീർഘകാല കരാർ വഴിയുള്ള വൈദ്യുതി ഡിസംബറിലേ കിട്ടൂ. മറ്റ് സംസ്ഥാനങ്ങളിൽ ഉപഭോഗം കൂടിയാൽ പവർ എക്സ്‌ചേഞ്ചിൽ നിന്നും വൈദ്യുതി കിട്ടാത്ത സ്ഥിതിയുണ്ടാകും. അവിടെ മഴ പെയ്താലും ഉപഭോഗം കുറയും.


 കട്ട് ഒഴിവാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെങ്കിലും ആഭ്യന്തര ഉത്പാദനം കൂട്ടിയതോടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പവർകട്ട് ഒഴിവാക്കി. സതേൺ റീജ്യണൽ ലോഡ് ഡെസ്പാച്ച് സെന്ററിന് കീഴിൽ വരുന്ന സംസ്ഥാനങ്ങളിൽ ശനിയാഴ്ച പീക്ക് സമയ വൈദ്യുതി ഷോർട്ടേജ് കേരളത്തിൽ മാത്രമായിരുന്നു. തമിഴ്നാട് 18,105 മെഗാവാട്ട്, കർണ്ണാടക 11,495 മെഗാവാട്ട്, ആന്ധ്ര 10,140 മെഗാവാട്ട്, തെലങ്കാന 9,433 മെഗാവാട്ട് എന്നിങ്ങനെയാണ് പീക്ക് സമയത്തെ ആവശ്യകത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA