SignIn
Kerala Kaumudi Online
Monday, 21 September 2026 3.23 AM IST

ലോണെടുത്ത് വാങ്ങിയ റൈഫിൾ, ചരിത്രം കുറിച്ച വെള്ളിമെഡൽ

READ ENGLISH VERSION
vidarsa

കോഴിക്കോട് : ലോണെടുത്ത ഒൻപത് ലക്ഷം രൂപകൊണ്ട് മകൾക്ക് വാങ്ങിക്കൊടുത്ത റൈഫിളിൽ നിന്ന് പാഞ്ഞ വെടിയുണ്ട ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡലിൽ തറച്ചപ്പോൾ തിരുവമ്പാടി കൊച്ചാലുങ്കൽ വീട്ടിൽ വിനോദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തോക്കും തിരകളും യൂണിഫോമും വാങ്ങാനും മത്സരങ്ങൾക്ക് യാത്ര ചെയ്യാനും പണമില്ലാതെവന്നപ്പോൾ വിനോദ് മകൾ വിദർശയോട് പറഞ്ഞിട്ടുണ്ട്; നമുക്കിതുവേണ്ട, മതിയാക്കാമെന്ന്. പക്ഷേ, രാജ്യത്തിനായി ഒരു മെഡലെങ്കിലും നേടണമെന്ന അവളുടെ ഉറച്ച ആഗ്രഹത്തിനു മുന്നിൽ വിനോദും ഭാര്യ അനിതയും ലോണെടുക്കാൻ തീരുമാനിച്ചു.

2018-ൽ ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോൾ എൻ.സി.സി വഴിയാണ് വിദർശ ആദ്യം തോക്കെടുത്തത്. ഉന്നം തെളിഞ്ഞപ്പോൾ ഷൂട്ടിംഗിനോട് താത്പര്യമായി.കോഴിക്കോട് തൊണ്ടയാട് റൈഫിൾ ക്ലബ്ബിൽ പരിശീലനം തുടങ്ങി. പിന്നീട് തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിൽ.സുഹൃത്തുക്കളുടെയും ക്ലബ്ബുകളുടെയും എയർ റെെഫിളുകൾ ഉപയോഗിച്ച് മെഡലുകൾ കൊയ്തെടുത്തു. 2022ൽ കരിയറിലെ ആദ്യ ദേശീയ മെഡൽ സ്വന്തമാക്കി. 2024ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പ്രവേശനം ലഭിച്ചു. 2025ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയാണ് ഏഷ്യൻ ഗെയിംസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ടീം കോച്ച് മനോജ്‌ കുമാറിന്റെ കീഴിലായിരുന്നു പരിശീലനം. എം.ബി.എ വിദ്യാർത്ഥി വിഷ്ണു കെ.വിനോദ് സഹോദരൻ. ഏഷ്യൻ ഗെയിംസിൽ തന്റെ ഇഷ്ട ഇനമായ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ മത്സരിക്കാൻ 26ന് വിദർശ വീണ്ടും തോക്കെടുക്കും.

അനന്തപുരിയുടെ മരുമകൾ

കോഴിക്കോടുകാരിയായ വിദർശ വിവാഹം കഴിച്ചിരിക്കുന്നത് ഷൂട്ടിംഗ് താരവും കോച്ചുമായ തിരുവനന്തപുരം ആര്യനാട് സ്വദേശി മനു എസ്.രവിയെയാണ്. 2021ൽ കോഴിക്കോട് റൈഫിൾ ക്ലബ്ബിൽ നടന്ന മത്സരത്തിനിടെയാണ് മനുവും വിദർശയും പരിചയപ്പെടുന്നത്. വട്ടിയൂർക്കാവിലെ പരിശീലനകാലത്ത് പ്രണയം മൊട്ടിട്ടു. ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ 2025 മെയ് 14ന് ശ്രീമൂലം ക്ലബ്ബിൽ വച്ച് വിവാഹിതരായി. മനു നഗോയയിൽ വിദർശയ്ക്കൊപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDARSA K VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA