SignIn
Kerala Kaumudi Online
Thursday, 27 August 2026 1.58 AM IST

ഫണ്ട് ബാക്കിവെച്ചാൽ അടുത്ത സഹായം തടയും: തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

aa

തിരുവനന്തപുരം: പണം ശരിയായി വിനിയോഗിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ധനകാര്യകമ്മിഷൻ വിഹിതം തടയുമെന്ന് മുന്നറിയിപ്പ്. പണം ചെലവാക്കാതെ ബാക്കിവെച്ചാലും ശമ്പളത്തിനും മറ്റും വകമാറി ചെലവഴിച്ചാലും ലൈഫ് പോലുള്ള കേന്ദ്രപദ്ധതിയുടെ വിഹിതമാക്കിയാലും ധനസഹായം തടയും. ഉപാധികൾ വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയുണ്ടാകാൻ ഇടയുണ്ടെന്നാണ് ആശങ്ക.

ധനകാര്യകമ്മിഷൻ ധനസഹായം ടൈഡ്, അൺടൈഡ് ഫണ്ട് എന്നീ വിഭാഗങ്ങളായാണ് കിട്ടുന്നത്. നേരത്തെ 60% ടൈഡ് ഫണ്ടും ബാക്കി അൺ ടൈഡുമായിരുന്നു. ഈ വർഷം മുതൽ അത് 50% വീതമായി പരിഷ്ക്കരിച്ചു. കുടിവെള്ളവിതരണം, ശുചിത്വം എന്നിവയ്ക്കാണ് ടൈഡ് ഫണ്ട്. അൺ ടൈഡ് ഫണ്ട് വികസനപദ്ധതികൾക്ക് ഉപയോഗിക്കാം. പല തദ്ദേശസ്ഥാപനങ്ങളും ശമ്പളമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തിയിരുന്നത് ധനകമ്മിഷൻ ധനസഹായത്തിൽ നിന്നാണ്. ഇത് തടയപ്പെട്ടതോടെ തനത് വരുമാനം കൂട്ടി പണം കണ്ടെത്തണം. കമ്മിഷൻ നിർദ്ദേശം അനുസരിച്ച് ഒരു കുടുംബത്തിൽ നിന്ന് 1200രൂപ എന്ന നിലയിൽ തനത് വാർഷിക വരുമാനം കണ്ടെത്തണം. അത് തന്നെ വർഷത്തിൽ 2.5% വീതം കൂട്ടണം. നടപ്പ് വർഷത്തെ ധനകാര്യകമ്മിഷൻ സഹായത്തിൽ ചെലവാക്കാതെ ബാക്കിയാകുന്ന തുക അടുത്ത ധനസഹായത്തിന്റെ 10% കൂടുതലാണെങ്കിലും തുടർധനസഹായം തടയപ്പെടും. കമ്മിഷൻ ധനസഹായത്തെ ആശ്രയിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് തദ്ദേശസ്ഥാപന പ്രതിനിധികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY