
തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആലോചന പാടേ പൊളിഞ്ഞു. അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്.
വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് കമ്മിഷണറുടെ നിർദ്ദേശം. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ കുറ്റകരമല്ലാതാക്കുമെന്ന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിലെ പ്രഖ്യാപനവും ഇതോടെ പാളി.
സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് എന്തൊക്കെ രൂപമാറ്റം അനുവദിക്കാമെന്ന റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ജൂൺ 4ന് സർക്കാരിന് സമർപ്പിച്ചിരുന്നു. സീറ്റ് കവറും ഫ്ലോർമാറ്റും സ്റ്റീയറിംഗ് വീൽ കവറും ഉൾപ്പെടെ18 പതിവ് മോടിപിടിപ്പിക്കലുകൾ അനുവദിക്കാമെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. കോടതി ഉത്തരവ് വന്നതോടെ ഇതിനും സാധുത ഇല്ലാതായി. വാഹനം നിർമ്മിച്ച് പുറത്തിറക്കുമ്പോൾ ഉള്ളതിൽ നിന്നു വ്യത്യസ്ഥമായി എന്തു രൂപമാറ്റം വരുത്തിയാലും കുറ്റകരമാണ്. എന്നാൽ, കേടുപാടുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സ്വാഭാവിക മാറ്റങ്ങൾക്ക് ഇതൊന്നും ബാധകമാകാൻ ഇടയില്ല.
റീൽസ് തരികിടയ്ക്ക് പെറ്റിയിട്ടതും വിനയായി
അടൂരിൽ മോഡിഫിക്കേഷൻ നടത്തിയ ജീപ്പിന് പിഴയിട്ട രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിനു പെറ്റി അടിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, ഈ വാഹനം മോഡിഫൈ ചെയ്ത് റീൽസ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നായിരുന്നു എം.വി.ഡിയുടെ വാദം. റീലുകൾക്കായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിൽ പ്രത്യേകം പറയുന്നുണ്ട്.
മറ്റ് നിർദ്ദേശങ്ങൾ
1. മോഡിഫിക്കേഷന് പിഴ ചുമത്തിയശേഷം, വാഹനം പൂർവ സ്ഥിതിയിലേക്ക് മാറ്റി പരിശോധനയ്ക്ക് ഹാജരാക്കാൻ ഉടമയ്ക്ക് നിർദ്ദേശം നൽകണം
2. മൂന്നു മാസത്തിനുള്ളിൽ രൂപമാറ്റം വരുത്തിയതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ സെപ്തംബർ മൂന്നിനു മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷണറെ അറിയിക്കണം
പിഴയോട് പിഴ
1. വാഹനത്തിലെ ടയറുകൾ പുറത്തേക്കു തള്ളിനിൽക്കുന്ന വിധത്തിൽ മോഡിഫൈ ചെയ്താൽ ഒരോന്നിനും 5,000 രൂപ പിഴ. നാലു ടയറുകൾക്കാണ് രൂപമാറ്റം വരുത്തിയതെങ്കിൽ 20,000 രൂപ സ്വാഹ!
2. വാഹനത്തിൽ ഉള്ളതിൽ കൂടുതൽ എത്ര ലൈറ്റ് ഘടിപ്പിച്ചാലും ഒരോന്നിനും 5,000 രൂപ പിഴ നൽകേണ്ടിവരും. എയർഹോൺ വച്ചാലും 5,000 സ്വാഹ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |