SignIn
Kerala Kaumudi Online
Monday, 26 October 2026 6.16 AM IST

കുട്ടികളെ 'ഓക്കെ ആക്കാൻ" കൂട്ടുകാർ വീട്ടിലെത്തും,​ സ്റ്റുഡന്റ് ഹെൽത്ത് കേഡറ്റ് പ്രോഗ്രാമുമായി സർക്കാർ

READ ENGLISH VERSION

d

ആലപ്പുഴ: കുട്ടികളുടെ പ്രശ്നങ്ങൾ അറിയാനും പരിഹാരം കണ്ടെത്താനും ഇനി സഹപാഠികൾ വീട്ടിലെത്തും. ശാരീരിക, മാനസിക, സാമൂഹ്യ, പെരുമാറ്റ പ്രശ്നങ്ങൾ കണ്ടെത്താൻ 'സ്റ്റുഡന്റ്സ് ഹെൽത്ത് കേഡറ്റ് പ്രോഗ്രാം" (എസ്.എച്ച്.സി) ആവിഷ്കരിക്കാൻ ആരോഗ്യവകുപ്പ്. സഹപാഠികളുടെയും കുടുംബാംഗങ്ങൾ, ചുറ്റുവട്ടത്തുള്ളവർ എന്നിവരുടെയും ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി മനസിലാക്കാനും പ്രതിരോധവും പ്രതിവിധികളും നി‌ർദ്ദേശിക്കാനും പരിശീലനം നേടിയ സ്റ്റുഡന്റ് ഹെൽത്ത് കേഡറ്റുകൾ സഹായിക്കും. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികളാണ് പദ്ധതിയിലെ അംഗങ്ങൾ.

രോഗ പ്രതിരോധത്തിനും രോഗാവസ്ഥയിലുള്ളവർക്ക് മാനസിക- ശാരീരിക പിന്തുണയും സഹായവും നൽകാനുമുള്ള ചങ്ങലയിലെ ആദ്യ കണ്ണികളാക്കി കുട്ടികളെ മാറ്റുകയാണ് ലക്ഷ്യം. ആരോഗ്യകരമായ ജീവിതശൈലി, ഉത്തരവാദിത്വപരമായ ആരോഗ്യ പെരുമാറ്റം, ആരോഗ്യ സാക്ഷരത, മാനസികാരോഗ്യം, വൈകാരിക പ്രശ്നപരിഹാരം, പ്രഥമശുശ്രൂഷ, ലഹരിവിരുദ്ധ അവബോധം, പാലിയേറ്റീവ് പരിചരണ ബോധവത്കരണം എന്നിവ ഉറപ്പാക്കും.

രോഗ പ്രതിരോധം, റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, അടിയന്തര പ്രതികരണം, അടിസ്ഥാന ജീവൻരക്ഷാമാർഗങ്ങൾ എന്നിവയിൽ പരിശീലനം നൽകും. ദുരന്തമുഖങ്ങളിൽ ഉൾപ്പെടെ ഹെൽത്ത് കേഡറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും. പദ്ധതി നിർദ്ദേശം ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിനു സമർപ്പിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) സംസ്ഥാന മിഷൻ ഡയറക്ടർ പരിപാടിക്ക് നേതൃത്വം നൽകും.

140 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ

 എല്ലാ നിയോജക മണ്ഡലങ്ങൾക്കും പ്രാതിനിദ്ധ്യം നൽകി,​ 70 ഹയർ സെക്കൻഡറി സ്കൂളുകളെയും 70 കോളേജുകളെയും ഉൾപ്പെടുത്തിയാകും പദ്ധതിയുടെ തുടക്കം

 പ്രായമായവരെ സേവിക്കാൻ സമൂഹ്യാരോഗ്യ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് കെയർ സംരംഭങ്ങളിലും പങ്കെടുപ്പിക്കുന്നതിലൂടെ കാമ്പസിനു പുറത്തേക്കും ഇവരുടെ സേവനം ലഭ്യമാക്കും.

അദ്ധ്യാപകനെയോ കൗൺസിലറെയോ സമീപിക്കും മുമ്പ് വിദ്യാർത്ഥികൾ സഹപാഠികളോട് കാര്യങ്ങൾ തുറന്നുപറയുമെന്നിരിക്കെ ആശയം പ്രായോഗികമാണ്. സംസ്ഥാനമെമ്പാടും ഘട്ടം ഘട്ടമായി വികസിപ്പിക്കാവുന്ന സുസ്ഥിര ആരോഗ്യ പ്രോത്സാഹന ശൃംഖലയാണ് ലക്ഷ്യം.

- ഡയറക്ടറേറ്റ്, ദേശീയ ആരോഗ്യ ദൗത്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA