SignIn
Kerala Kaumudi Online
Saturday, 17 October 2026 1.25 PM IST

കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ; യാത്രക്കാർക്ക് പുതിയ അനുഭവം, ഒക്ടോബർ 22 മുതൽ

vistadome-coach
വിസ്റ്റാഡോം കോച്ച്

തിരുവനന്തപുരം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് റെയിൽവെ കോച്ച് അനുവദിച്ചത്. കേരളത്തിൽ സർവീസ് നടത്തുന്ന ഒരു ട്രെയിനിൽ ആദ്യമായാണ് വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത്. ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകളാണ് നടത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ഈ ശ്രമങ്ങൾക്ക് ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും.

റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും ദക്ഷിണ റെയിൽവേയിലും നടത്തിയ നിരന്തര ഇടപെടലുകളിലൂടെ യാത്രക്കാരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കേരളത്തിന്റെ റെയിൽവേ വികസനത്തിനും വിനോദസഞ്ചാര വളർച്ചയ്ക്കും സഹായകരമാകുന്ന കൂടുതൽ പദ്ധതികൾക്കായി തുടർന്നും പ്രവർത്തിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

എന്താണ് വിസ്റ്റാഡോം കോച്ച്?

വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്നതാണ് വിസ്റ്റാഡോം കോച്ച്. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം സമ്മാനിക്കുന്നതാണിത്. പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര- ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA VISTADOME COACH, INDIAN RAILWAYS KERALA, VISTADOME TRAIN SERVICE, KERALA RAILWAY NEWS, OCTOBER 22 TRAIN SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA