
കൊച്ചി: വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴയിടണമെന്ന് ഹൈക്കോടതി ഉത്തരവ്. രക്ഷാപ്രവർത്തനത്തിനു പോയ ജീപ്പിൽ ഒന്നിലേറെ മോഡിഫിക്കേഷനുണ്ടായിട്ടും 5000 രൂപ മാത്രം പിഴയിട്ടതിലും അതൃപ്തി രേഖപ്പെടുത്തി. ചട്ടം ലംഘിച്ച് ഘടിപ്പിക്കുന്ന തീവ്രതയേറിയ ലൈറ്റുകൾക്കടക്കം പിഴയിടണം.
വാഹനത്തിനു പുറത്തോ, ഡ്രൈവർ കാബിനിലോ, പാസഞ്ചർ കമ്പാർട്ട്‌മെന്റിലോ ചട്ട വിരുദ്ധ ലൈറ്റുകളോ അലങ്കാരങ്ങളോ പാടില്ല. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പൊലീസിനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
റോഡ് സുരക്ഷ, ശബ്‌ദ-വായു മലിനീകരണ നിയന്ത്രണം എന്നിവ സംബന്ധിച്ച മാനദണ്ഡം കർശനമായി പാലിക്കണം. സുപ്രീംകോടതി ഉത്തരവുകളുടെയും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളുടെയും ലംഘനം കാൽനട യാത്രക്കാർക്കടക്കം ഭീഷണിയാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ യുട്യൂബ് വ്ളോഗർമാർ പ്രൊമോട്ട് ചെയ്യുന്നത് ഗുരുതരമാണ് കോടതി വിലയിരുത്തി. ഇത്തരം വീഡിയോകൾക്കെതിരെ നടപടി വേണം. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണിച്ചത്. കേസ് സെപ്‌തംബർ ഏഴിന് വീണ്ടും പരിഗണിക്കും.
ശക്തിയേറിയ ലൈറ്റ് വില്ലൻ
ഇരുചക്ര വാഹനങ്ങളിലെയടക്കം ശക്തിയേറിയ ഹെഡ്‌ലൈറ്റുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചയെ ബാധിക്കും. നിമിഷ നേരത്തേക്ക് സ്ഥലബോധം നഷ്ടപ്പെട്ട് കാൽനടയാത്രക്കാർ ഓടയിലോ കുഴിയിലോ വീഴാനോ, വാഹനമിടിക്കാനോ സാദ്ധ്യതയുണ്ട്.
ഡ്രൈവർമാരുടെ പ്രതികരണ സമയം കുറയുകയും എതിരെയുള്ള വാഹനത്തിന്റെ ദൂരം കണക്കാക്കാൻ പറ്റാതിരിക്കുകയും ചെയ്യും. ഇടുങ്ങിയ റോഡുകളിലും ഹൈവേകളിലും അപകട സാദ്ധ്യതയേറെ.
ബോഡിക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ചക്രങ്ങൾ പാടില്ല. ഇത്തരം ചക്രങ്ങളിലൂടെ പുറത്തേക്കു തെറിക്കുന്ന ചെളിയും വെള്ളവും സൈക്കിൾ-ബൈക്ക് യാത്രക്കാർക്കുൾപ്പെടെ ഭീഷണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |