കോട്ടയം: ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനവേളയിൽ, ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസിനെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ മന്നം സമാധിയിൽ പ്രവേശിക്കാൻ ആർക്കും വിലക്കില്ല. ഡോഗ് സ്‌ക്വാഡ് സമാധി മണ്ഡപത്തിൽ പരിശോധന നടത്തുന്നതടക്കമുള്ള പ്രോട്ടോക്കോൾ പാലിക്കണം എന്ന് പറയുന്നതാണ് പ്രശ്നം. ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് എൻ.എസ്.എസില്ല. എൻ.എസ്.എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. സുരേഷ് ഗോപി അനുവാദമില്ലാതെ കയറാൻ ശ്രമിച്ചത് ബഡ്ജറ്റ് യോഗത്തിനുള്ളിലേക്കാണെന്നും അതാണ് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
