
ആലപ്പുഴ: ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അർഹമായ പരിഗണനയും സർവീസ് ആനുകൂല്യങ്ങളും സർക്കാർ
നിഷേധിക്കുന്നതായി പരാതി .അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ സെക്കന്റ് ലാംഗ്വേജ് അദ്ധ്യാപകരും, രണ്ടാമത്തെ തസ്തികയിൽ ജോലി ചെയ്യുന്നവരും കാലയളവ് മുഴുവൻ ജൂനിയറായി തുടരേണ്ട അവസ്ഥയാണ്.
ഒരേ വിദ്യാഭ്യാസ യോഗ്യതയും തുല്യ ജോലിയുമായി ഒരു പിരീഡിന്റെ അടിസ്ഥാനത്തിൽ ജൂനിയറായി തുടരുന്ന അദ്ധ്യാപകർക്ക്, സീനിയർ അദ്ധ്യാപകരേക്കാൾ അടിസ്ഥാന ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആഴ്ചയിൽ 15 പിരീഡിൽ കൂടുതൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ സീനിയറും അതിൽ താഴെ പഠിപ്പിക്കുന്നവർ ജൂനിയറുമാണ്. 2001 നവംബർ 9ന് മുമ്പ് പ്രൊമോഷനായി ഹയർ സെക്കൻഡറി അദ്ധ്യാപകരായവരെ പിരീഡ് നിബന്ധനയില്ലാതെ സീനിയറാക്കി കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ ജോലി ഭാരം 8 പിരീഡായി കുറച്ച 2021ലെ സർക്കാർ ഉത്തരവിൽ, ജൂനിയർ അദ്ധ്യാപകരുടെ പരമാവധി പിരീഡായ 14 എണ്ണം നൽകിയ ശേഷം, അവശേഷിക്കുന്ന അധിക പിരീഡുകൾ പഠിപ്പിക്കാൻ ഗസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നാണ് പറയുന്നത്.
പ്രിൻസിപ്പലിന്റെ അതേ വിഷയത്തിൽ ജൂനിയർ അദ്ധ്യാപകനുണ്ടെങ്കിൽ 14 പിരീഡുകളും നൽകി ശേഷിക്കുന്നവ
ഗസ്റ്റ് അദ്ധ്യാപകർക്കും നൽകുന്നതിലൂടെ, ജൂനിയർ അദ്ധ്യാപകന് സീനിയർ തസ്തിക ലഭിക്കാനുളള അവസരമാണ് നിഷേധിക്കുന്നത്. 2008ൽ നടന്ന സ്‌പെഷ്യൽ റൂൾ ഭേദഗതി ചർച്ചയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകരെ സീനിയറാക്കണമെന്ന് ശുപാർശ ചെയ്തെങ്കിലും നടന്നില്ല. ജൂനിയർ അധ്യാപകരെ 5 വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് സീനിയറാക്കാമെന്ന ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016 ഫെബ്രുവരിയിൽ ഉമ്മൻചാണ്ടി സർക്കാർ എടുത്ത തീരുമാനം, പിന്നീട് വന്ന സർക്കാർ മരവിപ്പിച്ചു.
'അഞ്ച് വർഷം സർവീസ് തികയുന്ന ജൂനിയർ അദ്ധ്യാപകരെ സീനിയറാക്കണം. പ്രിൻസിപ്പൽ
നിയമനത്തിനും പരിഗണിക്കണം'.
- എസ്.മനോജ്,
പ്രസിഡന്റ് ,എയ്ഡഡ് ഹയർ
സെക്കൻഡറി ടീച്ചേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |