SignIn
Kerala Kaumudi Online
Friday, 23 October 2026 2.28 AM IST

പ്രവാസി മലയാളിയുടെ ഗുരുദക്ഷിണ : 10 ലക്ഷം പേരുടെ ദൈവദശകം  ആലാപനം അമ്പതോളം  രാജ്യങ്ങളിൽ ഒരേസമയം

READ ENGLISH VERSION
varun

കൊച്ചി: അൻപതോളം രാജ്യങ്ങളിൽ ദശലക്ഷംപേർ ഒരേസമയം, വ്യത്യസ്ത ഭാഷകളിൽ ദൈവദശകം ആലപിക്കണമെന്ന പ്രവാസി മലയാളിയുടെ ആഗ്രഹം സഫലമാവാൻ ഇനി ദിവസങ്ങൾ മാത്രം. വരുന്ന ഞായർ ഇന്ത്യൻസമയം വൈകിട്ട് 7.15നാണ് ആ ധന്യമുഹൂർത്തം. പ്രതീക്ഷിച്ചതിലുമേറെപ്പേർ പങ്കാളികളാവുന്നതിന്റെ സന്തോഷത്തിലാണ് ജർമ്മനിയിലെ ഡോ. വരുൺ രാധാകൃഷ്ണൻ (41). അദ്ദേഹം ചെയർമാനായ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് - ജർമ്മനിയാണ് മുഖ്യസംഘാടകർ. കേരളത്തിൽ എസ്.എൻ.ഡി.പി യോഗം ഉൾപ്പടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ പങ്കെടുക്കും. മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ജർമ്മൻ ഭാഷകളിലാണ് ആലാപനം.

കൊല്ലം സ്വദേശി ഡോ. വരുൺ എം.ബി.ബി.എസ് കഴിഞ്ഞാണ് 2013ൽ ജർമ്മനിയിലെത്തിയത്. ഹ്യൂമൻ റിസോഴ്സസ്, റിയൽ എസ്റ്റേറ്റ്, എക്സ്പോർട്ടിംഗ് തുടങ്ങിയ മേഖലയിൽ സംരംഭകനായി വളർന്നപ്പോഴും ചെറുപ്പത്തിൽ മാതാവ് പകർന്നു നൽകിയ ശ്രീനാരായണ ദർശനമായിരുന്നു മാർഗദീപം. സംരംഭകത്വത്തിലൂടെ സ്വയം വളരുക, അർഹരായ മറ്റുള്ളവരെ സഹായിക്കുക, ശ്രീനാരായണഗുരുവിന്റെ വിശ്വമാനവിക സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുക എന്നത് ജീവിതലക്ഷ്യമായി സ്വീകരിച്ചു. അതിനായി രൂപീകരിച്ചതാണ് ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്.

ബീലഫെൽഡിൽ തദ്ദേശീയരായ വേദാന്തചിന്തകർ സ്ഥാപിച്ച യോഗവിദ്യ ആശ്രമത്തിൽ ശ്രീനാരായണഗുരുവിനെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ചതിലും മുഖ്യപങ്കുവഹിച്ചു. ദിവസവും ഗുരുദേവ ചിത്രത്തിന് മുമ്പിൽ പൂജയും ആരതിയും അർപ്പിക്കുന്നത് ജർമ്മൻകാരാണ്. കഴിഞ്ഞമാസം ആശ്രമത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 350 വേദാന്തപഠിതാക്കൾ ജർമ്മൻ ഭാഷയിൽ ദൈവദശകം ആലപിച്ചതിൽ നിന്നുള്ള പ്രചോദനമാണ് 'ദശലക്ഷം ദൈവദശകാലാപനം' എന്ന ആശയത്തിലേക്ക് നയിച്ചത്.

ഭാര്യ: ഡോ. വീണ മോഹൻ (കാർഡിയോളജിസ്റ്റ്- ഗവ. മെഡിക്കൽ സർവീസ് ജർമ്മനി) മക്കൾ: ശ്രീയ വരുൺ. ആദിത്യ വരുൺ. യൂട്യൂബ് ലൈവ് സംപ്രേഷണം കാണാൻ : //globaldaivadasakam.online/

 സമയക്രമം വിവിധ കേന്ദ്രങ്ങളിൽ

( ഒക്ടോ.25)

ഇന്ത്യ..................................................... 7.15 P.M

ജർമ്മനി.................................................. 2.45 P.M

ന്യൂസിലൻഡ്......................................... 3.30 A.M

ഇംഗ്ലണ്ട് ....................................................1.45 P.M

യു.എ.ഇ....................................................5.45 P.M

കുവൈറ്റ്.................................................4.45 P.M

പോളണ്ട്, ഇറ്റലി.....................................2.45 P.M

ഇസ്രയേൽ..............................................3.45 P.M

സിങ്കപ്പൂർ, മലേഷ്യ..............................9.45 P.M

ടെക്സാസ്................................................8.45 A.M

ന്യൂയോർക്ക്, ബോസ്റ്റൺ..................9.45 A.M

കാലിഫോർണിയ.............................6.45 A.M

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAIVADASHAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA