SignIn
Kerala Kaumudi Online
Friday, 23 October 2026 3.39 AM IST

നെൽവിത്ത് വിതയ്ക്കാൻ ഹൈസ്പീഡ് ഡ്രോൺ: ഒരേക്കറിന് ഏഴ് മിനിറ്റ്

READ ENGLISH VERSION
drone

തൃശൂർ: കൂടുതൽ തൊഴിലാളികളുടെ അദ്ധ്വാനം വേണ്ട,​ പാടത്തെ ചെളി ദേഹത്ത് പുരളില്ല. വെറും ഏഴു മിനിറ്ര്. ഒരേക്കർ പാടത്ത് നെൽവിത്ത് വിതച്ച് ഡ്രോണിന്റെ ഹൈസ്പീഡ് എൻട്രി! അതിർത്തികളിൽ ശത്രുപാളയം തകർക്കുന്നതിൽ മികവ് കാട്ടിയ ഡ്രോൺ നെൽപ്പാടത്തും വിസ്മയം തീർത്തു. തൃശൂർ പുല്ലഴി കോൾപ്പാടത്താണിത്.

വാടാനപ്പിള്ളി സ്വദേശി 41കാരൻ റഹീദ് ഉസ്മാന്റേതാണ് കോയമ്പത്തൂരിൽ നിന്നെത്തിച്ച ഈ ഡ്രോൺ. ഇതിലെ 20 കിലോ ശേഷിയുള്ള ടാങ്കിൽ രണ്ടു തവണ നെൽവിത്ത് നിറച്ചാണ് ഏഴു മിനിട്ടിൽ ഒരേക്കറിൽ വിത നടത്തിയത്. ടെക്നീഷ്യനുൾപ്പെടെ മൂന്നുപേരാണ് ഡ്രോൺ പ്രവർത്തിപ്പിക്കുന്നത്.

തൃശൂരിൽ കാർഷിക സർവകലാശാലയും കുട്ടനാട്ടിൽ നെല്ലു ഗവേഷണകേന്ദ്രവും കോട്ടയത്ത് കൃഷി വിജ്ഞാനകേന്ദ്രവുമെല്ലാം മുമ്പ് ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതച്ചിട്ടുണ്ടെങ്കിലും ഒരേക്കറിന് 10-15 മിനിറ്റുവരെ വേണ്ടിവന്നിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും റഹീദ് ഡ്രോൺ പ്രവർത്തനം വ്യാപിപ്പിച്ചു.

പ്രവാസിയായിരുന്ന റഹീദ് അഞ്ചുവർഷം മുൻപാണ് ഡ്രോൺ സംരംഭത്തിന് തുടക്കിട്ടത്. 15 ലക്ഷം മുതൽമുടക്കിൽ ഒരു ഡ്രോണിൽ തുടങ്ങി. ഇപ്പോൾ ആറെണ്ണമായി. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ കഴിയുന്ന 10 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ള 'കിസാൻ ഡ്രോണും' റഹീദ് ഹിറ്റാക്കിയിരുന്നു.

 ഒരേക്കറിന് 900 രൂപ

ഡ്രോണുപയോഗിച്ച് ഒരേക്കറിൽ നെല്ല് വിതയ്ക്കാൻ ഈടാക്കുന്നത് 900 രൂപ. 10 ഏക്കറിൽ കുറവുള്ള ഓർഡർ സ്വീകരിക്കില്ല. സ്വന്തം ജില്ലയായ തൃശൂരിലാണെങ്കിൽ ഇതിന് ഇളവ് നൽകും. കുറഞ്ഞത് മൂന്നേക്കർ ഉണ്ടെങ്കിലും തയ്യാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA