SignIn
Kerala Kaumudi Online
Saturday, 11 July 2026 3.14 PM IST

വേണ്ടപ്പെട്ടവരുടെ ലൈഫ് സെറ്റ്: കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‌സി എഴുതുന്നവർ 'പെരുവഴിയിൽ', എല്ലാം ശരിയാക്കും 'ഇന്റർവ്യൂ'

kerala-psc
കേരള പിഎസ്‌സി ആസ്ഥാനം. ഫോട്ടോ: കേരളകൗമുദി

കാലം 2019. പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ റാങ്ക് ലിസ്റ്ര് പി.എസ്.സി പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിന്. മാർക്ക് 78.33. ഇരുപത്തിയൊന്നാം റാങ്ക് യൂണിറ്റ് സെക്രട്ടറി നസീമിന്. ഇരുവരെയും അറിയാവുന്നവർ പരസ്പരം പറഞ്ഞു: 'രാഷ്ട്രീയം കളിച്ചു നടന്നെങ്കിലും അവർ ഉന്നത റാങ്കുകൾ നേടിയില്ലേ!'.


അഡ്വൈസ് മെമ്മോ അയയ്ക്കുന്നതിനുള്ള നടപടികൾ പി.എസ്.സിയിൽ തുടങ്ങി. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ ഒരു എസ്.എഫ്.ഐ പ്രവർത്തകനെ ശിവരഞ്ജിത്തും നസീമും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. ഇരുവരും അറസ്റ്റിൽ. ആയുധം കണ്ടെടുക്കാൻ പൊലീസ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കേരള യൂണിവേഴ്സിറ്റിയുടെ ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളുടെ കെട്ടും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും കണ്ടെടുത്തു.


അതോടെ സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ സുതാര്യതയും ചോദ്യം ചെയ്ത് ചില ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോടെ കഥമാറി. കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന നിലപാടിൽ പി.എസ്.സി ഉറച്ചു നിന്നെങ്കിലും ശിവരഞ്ജിത്ത്, നിസാം, പ്രണവ് എന്നിവർ പരീക്ഷയിൽ കൃത്രിമം കാട്ടിയതായി തെളിഞ്ഞു. ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ച് പരീക്ഷാഹാളിൽ നിന്ന് ചോദ്യങ്ങൾ പുറത്തേക്ക് നൽകിയശേഷം എസ്.എം.എസ് വഴി ഉത്തരം ലഭ്യമാക്കി എഴുതിയാണ് റാങ്ക് ലിസ്റ്രിലെ ആദ്യപേരുകാരായത്.


പി.എസ്.സിയുടെ ചരിത്രത്തിലെ അതുവരെയുള്ള ഏറ്റവും വലിയ തട്ടിപ്പ്. അപ്പോഴും പി.എസ്.സിയെ പ്രതിക്കൂട്ടിലാക്കാൻ ആരും തയ്യാറായില്ല. അത് പഴങ്കഥയായെന്ന് കരുതിയിരിക്കുമ്പോഴാണ് പി.എസ്.സി ഇന്റർവ്യൂവിലടക്കം ഇഷ്ടക്കാർക്ക് വാരിക്കോരി മാർക്കുനൽകിയ കഴിഞ്ഞ കാലങ്ങളിലെ വിവരം പുറത്തുവരുന്നത്. പരാതികൾ കൂമ്പാരമായപ്പോൾ ക്രമക്കേട് അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.


വേണ്ടപ്പെട്ടവർക്ക് വാരിക്കോരി മാർക്ക്

പ്ലാനിംഗ് ബോർഡിന്റെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ തസ്തിക പരീക്ഷയിലെ മൂല്യനിർണയത്തിൽ 52 മാർക്കിന്റെ പത്തു ചോദ്യങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന് ഒരു ഉദ്യോഗാർത്ഥി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകിയതോടെയാണ് വർഷങ്ങൾ നീണ്ട തട്ടിപ്പുകളുടെ കഥകൾ ഒന്നൊന്നായി പുറത്തു വന്നുതുടങ്ങിയത്. ചില സുപ്രധാന തസ്തികകളിലടക്കം ഇഷ്ടക്കാർക്ക് ഇന്റർവ്യൂവിൽ മാർക്ക് വാരിക്കോരി ദാനം ചെയ്താണ് തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് ഒരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല ഉന്നത തസ്തികകളിലെ (ബൈ ട്രാൻസ്ഫർ മുഖേനയുള്ളതിലടക്കം)​ റാങ്ക് ലിസ്റ്റുകളിലും ഒന്നാം റാങ്ക് നേടിയിരുന്നത് കെ.ജി.ഒ.എ, കെ.എസ്.ടി.എ തുടങ്ങിയ ഇടതു സംഘടനകളിൽപെട്ട നേതാക്കളാണെന്ന വിവരം പരാതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളോ അവരുടെ ബന്ധുക്കളോ മറ്റു ചില റാങ്ക് ലിസ്റ്റുകളിൽ ആദ്യ സ്ഥാനങ്ങൾ നേടിയെന്ന ആരോപണങ്ങളും ഉയരുന്നു.


കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്-കെ.എ.എസ്, ഡിവൈ.എസ്.പി (സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്),ഇൻഫർമേഷൻ ഓഫീസർ, സർവകലാശാലകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ,ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ, സർക്കാർ മെഡിക്കൽ കോളേജ് ബയോ കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ, ഡയറ്റ് ലക്ചറർ തുടങ്ങി നിരവധി റാങ്കു ലിസ്റ്റുകളിലാണ് വഴിവിട്ട നിയമനം നടന്നതായി ആക്ഷേപം ഉയരുന്നത്.

രഹസ്യാത്മകത കാറ്റിൽ പറന്നു

ചോദ്യപേപ്പർ തയ്യാറാക്കുന്നതു മുതൽ പരീക്ഷാഘട്ടം വരെയുള്ള കാര്യങ്ങൾ അതീവ രഹസ്യമായാണ് പി.എസ്.സി സാധാരണ നടത്തുന്നത്. അതാണ് പി.എസ്.സിയുടെ വിശ്വാസ്യതയും. പക്ഷേ, കഴിഞ്ഞ കുറേക്കാലങ്ങളായി അതെല്ലാം അട്ടിമറിച്ചു എന്നാണ് ആരോപണം.


പി.എസ്.സി ചെയർമാന് ഇഷ്ടപ്പെട്ട വ്യക്തികളെ ചോദ്യം തയ്യാറാക്കാൻ ഏൽപ്പിക്കുന്നു എന്നാണ് ആക്ഷേപം. ഇന്റർവ്യൂ ബോർഡിലും ചെയർമാന്റെ അടുപ്പക്കാർ ഉണ്ടാകുമത്രേ. അതുവഴി ഇടതു സംഘടനയിൽപെട്ടവർ ചില റാങ്ക്ലിസ്റ്റുകളിൽ ആദ്യപേരുകാരായി എത്തി എന്നാണ് പരാതി.


മുൻ കെ.ജി.ഒ.എ നേതാവായ ചെയർമാൻ എം.ആർ.ബൈജു, ഇന്റർവ്യൂവിനും ചോദ്യം തയ്യാറാക്കാനുമായി വിളിക്കുന്നത് ഇടത് അനുകൂല സംഘടനയായ കെ.ജി.ഒ.എയിലുള്ളവരെ മാത്രമാണ് എന്നാണ് ആക്ഷേപം.


'അരിയെത്ര പയറഞ്ഞാഴി'

നിയമന നടപടികളിൽ ഉദ്യോഗാർത്ഥികൾക്ക് സംശയമുണ്ടായാൽ അതിനെ ദൂരീകരിക്കേണ്ട ഉത്തരവാദിത്വവും ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കുണ്ട്. എന്നാൽ ആരാലും ചോദ്യം ചെയ്യാനാകാത്ത ഒരു സംവിധാനമാണ് പി.എസ്.സി എന്നാണ് ചെയർമാൻ അടക്കമുള്ള ചില അംഗങ്ങളുടെയും ഒരുകൂട്ടം ജീവനക്കാരുടെയും ധാരണ എന്നാണ് ആക്ഷേപം. അതിനാൽ പലപ്പോഴും ഉദ്യോഗാർത്ഥികളുടെ പരാതികൾക്ക് പരിഹാരമുണ്ടാകാറില്ല.


റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാം. ഇതിനായി ഒരു പേപ്പറിന് 335 രൂപ ഫീസൊടുക്കണം. എന്നാൽ, പകർപ്പ് ലഭ്യമാക്കാൻ പി.എസ്.സി എടുക്കുന്നതാകട്ടെ വർഷങ്ങളുടെ കാലതാമസം. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ ഭരണഘടനാ സ്ഥാപനമെന്ന പ്രിവിലേജ് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തും. ഏറെനാൾ വൈകുമ്പോൾ അപേക്ഷകൻ ആ ശ്രമം ഉപേക്ഷിക്കും.


ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള 2019ലെ പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥിക്ക് ഏഴുവർഷമായിട്ടും കിട്ടിയില്ല. ഈ റാങ്ക് ലിസ്റ്റിൽ ജോലി ലഭിച്ചവർ ഇതിനകം വിരമിക്കുകയും ചെയ്‌തു. എന്നിട്ടും അപേക്ഷകയ്‌ക്ക് പകർപ്പ് ലഭ്യമായില്ല. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയാലും 30 ദിവസത്തിനകം മറുപടി നൽകാറില്ല. അപ്പീൽ അധികാരിക്ക് അപേക്ഷ നൽകിയാലും ഫലമുണ്ടാകാറില്ല. ഒടുവിൽ, വിവരാവകാശ കമ്മിഷനെ അപേക്ഷകൻ സമീപിക്കുമ്പോൾ കമ്മിഷൻ നിർദ്ദേശ പ്രകാരം വർഷങ്ങൾക്ക് ശേഷം മറുപടി ലഭിക്കും. എന്നാൽ, 'അരിയെത്ര' എന്ന ചോദ്യത്തിന് 'പയർ അഞ്ഞാഴി ' എന്ന മറുപടിയാകും പി.എസ്.സി നൽകുക.


എല്ലാം ശരിയാകും ഇന്റർവ്യൂവിൽ

എഴുത്തുപരീക്ഷയുടെ മാർക്ക് രഹസ്യമാക്കി വച്ചശേഷം ഇന്റർവ്യൂവിന് ലഭിക്കുന്ന മാർക്കു കൂടി ചേർത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ് രീതി. എന്നാൽ കഴിഞ്ഞ പത്തുവർഷമായി ഈ രീതി വേണ്ടപ്പെട്ടവർക്കായി മാറ്റുന്നുണ്ടെന്നാണ് ആക്ഷേപം. എഴുത്തു പരീക്ഷയുടെ മാർക്ക് രഹസ്യമായി അറിഞ്ഞതിനുശേഷം റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിക്കാൻ ആവശ്യമായ മാർക്ക് ഇന്റർവ്യൂവിൽ നൽകും. ഇതോടെ കഷ്ടപ്പെട്ട് പഠിച്ച് നന്നായി പരീക്ഷ എഴുതുന്നവർ റാങ്ക് ലിസ്റ്റിൽ താഴെയാകും. അവർക്ക് നിയമനം കിട്ടാത്ത അവസ്ഥയുമുണ്ടാകും. 2019ലെ പ്ലാനിംഗ് ബോർഡ് ചീഫ് തസ്‌തികയിൽ വേണ്ടപ്പെട്ടയാൾക്ക് ഇന്റർവ്യൂവിന് നൽകിയത് 40ൽ 38 മാർക്ക്. അതോടെ റാങ്ക് പട്ടികയിൽ ഒന്നാമതായി. എന്നാൽ നന്നായി പഠിച്ച് എഴുത്തുപരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഉദ്യോഗാർത്ഥിക്ക് ഇന്റർവ്യൂവിൽ നൽകിയതാകട്ടെ 40ൽ 11 മാർക്ക് മാത്രവും. ഇതോടെ ഇവർ നാലാം റാങ്കിലേയ്ക്ക് പിന്തള്ളപ്പെട്ടു.

English Summary

Kerala PSC faces mounting allegations of widespread recruitment irregularities, including manipulating interview marks and favoring candidates linked to Left-wing organizations for key posts. Previous scandals include SFI leaders securing high ranks in the 2019 CPO exam through fraudulent means. The Crime Branch has been tasked with investigating these corruption charges amid concerns over PSC's transparency.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC JOBS KERALA, PSC INTERVIEW CONTROVERSY, KERALA JOB RECRUITMENT, PSC RANK LIST, PSC INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA