SignIn
Kerala Kaumudi Online
Saturday, 27 June 2026 2.46 AM IST

മിനറൽ കോറിഡോർ പദ്ധതി അരലക്ഷം കോടിയുടെ വ്യവസായ വികസന സാദ്ധ്യത കേന്ദ്രം തുടക്കമിട്ടു, കേരളം പിന്നാലെ

aa

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ ഇടംനേടിയ സൗത്ത് കേരള ക്രിട്ടിക്കൽ മിനറൽ കോറിഡോർ പദ്ധതി നടപ്പായാൽ സംസ്ഥാനത്തുണ്ടാവുക അരലക്ഷം കോടിയിലേറെ രൂപയുടെ വ്യവസായ വികസനം.ആയിരക്കണക്കിന് തൊഴിലവസരങ്ങളുമുണ്ടാകും. കേന്ദ്ര സർക്കാർ തുടക്കമിട്ട ക്രിട്ടിക്കൽ മിനറൽ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത് ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചത്. 100 കോടിയാണ് വകയിരുത്തിയത്.

ഒഡീഷ മുതൽ കേരളംവരെ നീളുന്ന തീരപ്രദേശത്തെ ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിന്റെ റെയർ എർത്ത് കോറിഡോർ പദ്ധതി. ഇൗ വർഷമാദ്യം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ ഇതിനായി 7280 കോടിയുടെ പി.എൽ.ഐ (പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്) പ്രഖ്യാപിച്ചിരുന്നു. അതിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്നത് ആരും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും കേരള വികസനത്തിന് ഇതിൽ വമ്പൻ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ബഡ്ജറ്റിൽ ഇത് ഉൾപ്പെടുത്തിയത്. കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ഖനനം, തിരുവനന്തപുരത്ത് വികസന കേന്ദ്രം, വിഴിഞ്ഞം അടിസ്ഥാനമാക്കി ലോജിസ്റ്റിക്സ് ഉൾപ്പെടെയുള്ളതാണ് പദ്ധതി.

നിയന്ത്രണം

കൺസോർഷ്യത്തിന്

കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ കേന്ദ്രസ്ഥാപനങ്ങളായ ഐ.ആർ.ഇ ലിമിറ്റഡ്,കോൾ ഇന്ത്യ ലിമിറ്റഡ്, കേരളത്തിലെ കെൽട്രോൺ എന്നിവയുടെ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന കൺസോർഷ്യത്തിനായിരിക്കും നിയന്ത്രണം.

വൈദ്യുത വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, വിമാനം, മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാവശ്യമായ മാഗ്നറ്റുകളുടെ (കാന്തം) നിർമ്മാണത്തിനു വേണ്ട നിയൊഡൈമിയം എന്ന അപൂർവധാതുവാണ് കരിമണലിൽ നിന്ന് ഉത്പാദിപ്പിക്കുക. കരിമണലിൽ നിന്നു ടൈറ്റാനിയം ഡയോക്‌സൈഡ്, ടൈറ്റാനിയം സ്‌പോഞ്ച് എന്നിവ ഉത്പാദിപ്പിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങളിൽ വൻതോതിൽ അടങ്ങിയിരിക്കുന്ന വസ്തുവാണ് മോണോസൈറ്റ്. ഇതിൽനിന്നാണ് നിയോഡൈമിയം വേർതിരിച്ചെടുക്കുക.

ഇതിനുള്ള സാങ്കേതികവിദ്യ കൈവശമുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് സംസ്ഥാനത്ത് വ്യവസായയൂണിറ്റുകൾ തുടങ്ങാനാകും. ഇവയ്ക്കുപുറമേ തോറിയം,സ്‌കാൻഡിയം ഉൾപ്പെടെ വേർതിരിച്ചെടുക്കുന്ന പ്രത്യേക കേന്ദ്രമാണ് വികസന സാദ്ധ്യതയുള്ള മറ്റൊരു മേഖല. നിലവിൽ രാജ്യത്തെ ആവശ്യത്തിനുള്ള നിയൊഡൈമിയം ഓക്‌സൈഡിന്റെ 80%വും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 2030ഒാടെ ഇത് പകുതിയാക്കി കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അവിടെയാണ് കേരളത്തിന്റെ വികസന സാദ്ധ്യത.

മോണോസൈറ്റ്

13.15 ദശലക്ഷം ടൺ

രാജ്യത്ത് 482.6 ദശലക്ഷം ടൺ ക്രിട്ടിക്കൽ മിനറൽ ശേഖരമുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. അതിൽ 13.15 ദശലക്ഷം ടൺ മോണോസൈറ്റ് ശേഖരമുള്ളത് കേരളത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA