ആലപ്പുഴ : ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വീഥികൾ കൈയടക്കിയതോടെ അഷ്ടമിരോഹിണി നാളിൽ നാട് അമ്പാടിയായി മാറി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാശോഭായാത്രയിൽ നൂറുകണക്കിന് കുട്ടികളാണ് അണിനിരന്നത്.
വൈകുന്നേരം അഞ്ച് മണിയോടെ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച ഉപശോഭായാത്രകൾ സംഗമിച്ചു. ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണന്മാരും താലപ്പൊലിയേന്തിയ ഗോപികമാരും, പുരാണ കഥാസന്ദർഭങ്ങൾ പുനരാവിഷ്കരിച്ച നിശ്ചലദൃശ്യങ്ങളും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. വാദ്യമേളങ്ങളുടെയും ഉടുക്കുപാട്ടുകളുടെയും അകമ്പടിയോടെ നീങ്ങിയ ശോഭായാത്ര കാണാൻ വീഥികളുടെ ഇരുവശങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ ഭക്തരെത്തി. നങ്ങ്യാർകൂത്ത്, ഗരുഡവാഹന എഴുന്നള്ളിപ്പ്, നവകാഭിഷേകം, എന്നിവയും നടന്നു. രാവിലെ ആരംഭിച്ച ഉറിയടി ഘോഷയാത്രയിൽ നൂറ് കണക്കിനാളുകൾ അണിചേർന്നു. വൈകിട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വർണാഭമായ മഹാശോഭായാത്രയും നടന്നു. അമ്പലപ്പുഴ മേഖലയിൽ പതിമൂന്ന്സ്ഥലങ്ങളിൽ നടന്ന ഉറിയടിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഉറിയടിഘോഷയാത്ര ഉച്ചയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. പുന്നപ്ര വടക്ക് മണ്ഡലത്തിൽ പുന്നപ്ര ,പറവൂർ മേഖലകളിൽ നിന്നുള്ള ചെറുശോഭായാത്രകൾ അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ സംഗമിച്ചു. കായംകുളം പുതിയിടം ക്ഷേത്രം,മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ചേർത്തല ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളോടെയായിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |