SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.35 AM IST

സഖി തുണയായത് 1,719 കേസുകളിൽ

ആലപ്പുഴ: അതിക്രമങ്ങളുടെ ഇരകളായി ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമവും സംരക്ഷണവും കരുതലുമായി സഖി വൺസ്റ്റോപ്പ് സെന്റർ. ഏഴുവർഷത്തിനിടെ ജില്ലയിൽ 1,719 കേസുകളിലാണ് സഖി ഇടപെട്ടത്. ഇതിൽ 945 കേസുകളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്.

2019 സെപ്തംബർ 18ന് ചേർത്തല താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ചാണ് ജില്ലയിലെ സഖിയുടെ പ്രവർത്തനം ആരംഭിച്ചത്. 2021 ഡിസംബർ 29 മുതൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജെൻഡർ പാർക്കിലും 2025 സെപ്തംബർ 26 മുതൽ നോർത്ത് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിലെ 29, 30 നമ്പർ ക്വാർട്ടേഴ്‌സുകളിലുമാണ് പ്രവർത്തിക്കുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അഡ്മിനിസ്‌ട്രേറ്റർ, കൗൺസലർ, കേസ് വർക്കർ, ലീഗൽ കൗൺസലർ, ഐ.ടി. സ്റ്റാഫ്, മൾട്ടിപർപ്പസ് വർക്കർ, സുരക്ഷാ ജീവനക്കാർ എന്നിവരുടെ സേവനമുണ്ട്. പൊലീസ് വകുപ്പുമായി സഹകരിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. നിലവിൽ ക്വാർട്ടേഴ്‌സിൽ പ്രവർത്തിക്കുന്ന സഖിക്ക് സ്ഥലപരിമിതിയുണ്ടെങ്കിലും ലഭിക്കുന്ന ഓരോ കേസിലും ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ഉറപ്പാക്കുന്നുണ്ട്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വനിതാ സംരക്ഷണ ഓഫീസറുടെ മേൽനോട്ടത്തിലാണ് സഖിയുടെ പ്രവർത്തനം.

താത്കാലിക അഭയം പരിമിതി

# സ്ത്രീകളും കുട്ടികളും നേരിടുന്ന ശാരീരിക, മാനസിക, വൈകാരിക, ലൈംഗിക അതിക്രമങ്ങൾ, ഗാർഹികസ്ത്രീധന പീഡനം, മറ്റ് ഭീഷണികൾ, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയിൽ സഖി സഹായം നൽകുന്നു

#പൊലീസ് സേവനം, നിയമസഹായം, വൈദ്യസഹായം, കൗൺസലിംഗ്, താത്കാലിക അഭയം തുടങ്ങിയ സേവനങ്ങൾ ഒരിടത്തുനിന്ന് ലഭ്യമാക്കുകയാണ് വൺസ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം

# നിയമസഹായത്തിനായി 200 പേരും പൊലീസ് സേവനങ്ങൾക്കായി 284 പേരും സഖിയെ സമീപിച്ചു. 865 പേർക്ക് കൗൺസലിംഗ് സേവനം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 220 പേർക്ക് താത്കാലിക അഭയവും ലഭ്യമാക്കി

# പൊലീസ് സ്റ്റേഷനുകൾ വഴി 122 കേസുകളാണ് റഫർ ചെയ്തത്. വൈദ്യസഹായം ആവശ്യപ്പെട്ട 60 കേസുകളിലും ഇടപെട്ടു.എന്നാൽ, 12 വയസ് കഴിഞ്ഞ ആൺകുട്ടികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും സഖി ഇടപെട്ട് താത്കാലിക അഭയം നൽകാൻ കഴിയില്ലെന്നതാണ് പരിമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL