ആലപ്പുഴ: കോഴിഫാം സംരംഭങ്ങൾക്ക് ആശ്വാസ നടപടികളുമായി സർക്കാർ. 5000 കോഴിയിൽ താഴെയുള്ള ഫാമുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന ഭേദഗതിയാണ്
സംരംഭങ്ങൾക്ക് ആശ്വാസമായത്.ചെറുകിട സംരംഭകർ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു ഇത്. നിലവിൽ ചെറുകിട ഫാമുകൾക്ക് പോലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ഇതോടെ ഫാം തുടങ്ങുന്നതിനുള്ള അനുമതിക്കായി ബോർഡ് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു. നിയമ ഭേദഗതി നിലവിൽ വരുന്നതോടെ ചെറുകിട സംരംഭകർക്ക് നടപടിക്രമങ്ങൾ ലളിതമാകും. പുതിയ ഭേദഗതിപ്രകാരം ദൂരപരിധിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
വർഷങ്ങളായുള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്നാണ് സർക്കാർ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഇളവുകൾ അനുവദിച്ചത്. നിബന്ധനകളിൽ ഇളവ് വരുത്തുന്നതോടെ കോഴിഫാം സംരംഭങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇറച്ചിക്കോഴിയുടെ ആവശ്യത്തിനായി കേരളം വൻതോതിൽ ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ ഫാം സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവയുടെ പ്രവർത്തനം വിപുലീകരിക്കാനും പ്രോത്സാഹനം ലഭിക്കുന്നതോടെ ഇത് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
ദൂരപരിധിയിലും ഇളവ്
# പുതിയ ഭേദഗതിപ്രകാരം 501 മുതൽ 5000 വരെ കോഴികളുള്ള ഫാമുകളും വീടുകളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററിൽനിന്ന് 25 മീറ്ററായും 5000ലധികം കോഴികളുള്ള ഫാമുകൾക്ക് 100 മീറ്ററിൽനിന്ന് 50 മീറ്ററായും കുറച്ചു
# 500 കോഴികളെ വരെ വളർത്തുന്ന ഫാമുകൾക്ക് പ്രത്യേക ദൂരപരിധിയില്ലെങ്കിലും മലിനീകരണമുണ്ടാക്കരുതെന്ന നിബന്ധന തുടരും. എന്നാൽ പന്നിഫാമുകൾക്ക് ഈ ഇളവ് ബാധകമല്ല
# പി.സി.ബി അനുമതിയിൽ ഇളവ് ലഭിച്ചെങ്കിലും തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നടപടിക്രമങ്ങൾ കൂടി ലളിതമാക്കണമെന്നാണ് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷന്റെ (കെ.പി.എഫ്.എ) ആവശ്യം
# നിലവിലുള്ള നടപടിക്രമങ്ങൾ കൂടി ലഘൂകരിച്ചാൽ ഫാം സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും കൂടുതൽ സഹായകരമാകുമെന്നാണ് അസോസിയേഷന്റെ നിലപാട്
ഒരുലക്ഷത്തോളം കർഷകർക്ക് ആശ്വാസം ലഭിക്കുന്ന തീരുമാനമാണ്. ഇനി തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും അശാസ്ത്രീയമായ നികുതികൾ പരിഷ്കരിക്കുകയും വേണം
-ഖാദറലി വറ്റലൂർ,
സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള പൗൾട്രി ഫാർമേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |