ആലപ്പുഴ: ജില്ലയിലെ വർദ്ധിച്ചുവരുന്ന പാമ്പ് ശല്യത്തിന് പരിഹാരം കാണുന്നതിന് കൂടുതൽ പാമ്പ് പിടിത്തക്കാരെ നിയമിക്കുന്നു. ഇതിനായി 30 പേർക്ക് പുതുതായി വനംവകുപ്പ് പരിശീലനം നൽകി. പാമ്പിനെ എങ്ങനെ സുരക്ഷിതമായി പിടികൂടാം, പിടികൂടിയ ശേഷം എന്തു ചെയ്യണം, അപകടമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. യഥാർത്ഥ പാമ്പിനെ ഉപയോഗിച്ചുള്ള പരിശീലനത്തിൽ മൂന്നു വനിതകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മനുഷ്യരുടെയും പാമ്പുകളുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചുവർഷത്തിലേറെയായി വനംവകുപ്പ് പൊതുജനങ്ങൾക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകുന്നുണ്ട്.സംസ്ഥാനത്ത് 3,000ത്തോളം ലൈസൻസുള്ള സ്നേക് റസ്ക്യുവർമാരുണ്ടെന്നും ഇവർ ഒരുവർഷം ശരാശരി കാൽ ലക്ഷത്തോളം പാമ്പുകളെ പിടികൂടുന്നുണ്ടെന്നുമാണ് കണക്ക്.
'സർപ്പ'ആപ്പിൽ രജിസ്റ്റർ ചെയ്യാം
ജില്ലയിൽ വനമേഖല കുറവാണെങ്കിലും കായംകുളം, അരൂർ മേഖലകളിൽ പാമ്പ് ശല്യമേറെയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചെളി വെള്ളവും മാലിന്യവും കിഴക്കൻ വെള്ളത്തിന്റെ വരവുമെല്ലാം ജില്ലയിൽ ഇഴജന്തുക്കളുടെ ശല്യമേറുന്നതിന് കാരണമാകുന്നുണ്ട്. വനം വകുപ്പിന്റെ സർപ്പ ആപ്പ് പ്രകാരം ജില്ലയിൽ 50ഓളം ലൈസൻസുള്ള പാമ്പുപിടിത്തക്കാരുണ്ടെങ്കിലും എല്ലാവരുടെയും സേവനം എല്ലായ്പ്പോഴും ലഭിക്കാറില്ല. പലരും മറ്റു ജോലികൾ ചെയ്യുന്നവരായതിനാൽ അവശ്യസമയത്ത് എല്ലാവരെയും ലഭ്യമാക്കുന്നത് പ്രായോഗികമല്ല. ഇതോടെയാണ് കൂടുതൽ ആളുകളെ പരിശീലിപ്പിച്ച് ഈ മേഖലയിലെത്തിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നത്. പാമ്പുപിടിത്ത പരിശീലനം നേടാൻ താത്പര്യമുള്ളവർ വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ ഓഫീസിൽ അപേക്ഷ നൽകുകയോ 'സർപ്പ' ആപ്പിലൂടെ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.ലൈസൻസുള്ള പാമ്പുപിടിത്തക്കാരുടെ മൊബൈൽ ഫോൺ നമ്പറുകളും ആപ്പിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |