
46 വർഷത്തെ കാത്തിരിപ്പിന് പുതുജീവൻ
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകൾ വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന 46 വർഷം പഴക്കമുള്ള ആവശ്യത്തിന് വീണ്ടും ജീവൻവയ്ക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ അനുകൂല നിലപാട് അറിയിച്ചതോടെ ജനങ്ങളുടെ പ്രതീക്ഷകൾ വർദ്ധിച്ചു. 1980ൽ ഉയർന്ന ഈ ആവശ്യത്തോട് 1982ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് ആദ്യമായി അനുകൂലമായി പ്രതികരിച്ചത്. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് ശേഷം മൂവാറ്റുപുഴയിൽ എത്തിയ അദ്ദേഹം, കേരളത്തിൽ ഇനി ഒരു ജില്ല രൂപീകരിക്കുന്നുണ്ടെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 1984ൽ കാസർകോട് ജില്ല രൂപീകരിച്ചപ്പോൾ മൂവാറ്റുപുഴ അവഗണിക്കപ്പെട്ടു.
ഇടുക്കി ജില്ലയിലെ തൊടുപുഴ, ദേവികുളം താലൂക്കുകളും എറണാകുളം ജില്ലയിലെ പിറവം, മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഉയരുന്ന ആവശ്യം. ഇതുസംബന്ധിച്ച് പഠിക്കാൻ വിവിധ കാലഘട്ടങ്ങളിൽ സർക്കാർ നാല് കമ്മിറ്റികളെ നിയോഗിച്ചിരുന്നു. മുൻ ചീഫ് സെക്രട്ടറി ഡി. ബാബുപോൾ അദ്ധ്യക്ഷനായ സമിതി അനുകൂല റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾ നീട്ടിവച്ചു.
കിഴക്കൻ മേഖലകളെ പരിഗണിക്കുന്നില്ല?
മദ്ധ്യകേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുമ്പോൾ മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വിഭജനത്തിനായുള്ള ആവശ്യങ്ങളും ശക്തമാകുന്നത് സർക്കാരിന് വെല്ലുവിളിയാണ്. തൊടുപുഴ താലൂക്ക് വേർപെടുത്തിയാൽ ഇടുക്കിയിലെ അവശേഷിക്കുന്ന മലയോര മേഖലകൾ തമിഴ് ഭൂരിപക്ഷ പ്രദേശമാകുമെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാൽ, മൂന്നാർ ഉൾപ്പെടുന്ന ദേവികുളം താലൂക്ക് മൂവാറ്റുപുഴയോട് ചേർക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്ന വാദവും ഉയരുന്നുണ്ട്. നിലവിൽ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങൾ ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ്.
മെട്രോ നഗരമായ കൊച്ചിക്ക് ലഭിക്കുന്ന പരിഗണന എറണാകുളത്തിന്റെ കിഴക്കൻ മേഖലകൾക്ക് ലഭിക്കുന്നില്ലെന്നതാണ് ജില്ലാ വാദത്തിന്റെ പ്രധാന കാരണം.
മേഖലയുടെ വികസനത്തിന് കരുത്താകും
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പദ്ധതികൾ നഗര കേന്ദ്രീകൃതമാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. പൈനാപ്പിൾ, റമ്പുട്ടാൻ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കേന്ദ്രമായ മൂവാറ്റുപുഴയ്ക്ക് സ്വന്തമായി ഭരണസിരാകേന്ദ്രം ലഭിക്കുന്നത് മേഖലയുടെ വികസനത്തിന് വലിയ കരുത്താകും. മൂവാറ്റുപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിക്കുമെന്നും ഇതിനായി ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പ് നൽകി. സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ടുപോകുന്നതിൽ വിഷമമുണ്ടെങ്കിലും കമ്മീഷൻ ഇക്കാര്യം പരിഗണിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |