
കൊച്ചി: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എം.ഡി.എം.എ വാങ്ങി കേരളത്തിൽ വൻതുകയ്ക്ക് വിൽക്കുന്ന കോട്ടയം സ്വദേശി വരുൺ ദേവിന്റെ ലഹരി റാക്കറ്റിനെതിരെ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷന് ഒരുങ്ങി എക്സൈസ്. ഗ്രാമിന് 500 രൂപ നിരക്കിൽ കിലോക്കണക്കിന് എം.ഡി.എം.എ വാങ്ങി നാലിരട്ടി വിലയ്ക്കാണ് ഇവർ വിറ്റിരുന്നത്. ലഹരി ഇടപാടിലൂടെ വൻതോതിൽ പണം സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഇടപാട് തുടങ്ങിയത് മുതൽ അറസ്റ്റിലായതുവരെയുള്ള സാമ്പത്തിക ഇടപാടുകൾ എക്സൈസ് വിശദമായി പരിശോധിക്കും. ലഹരിവില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും. ഇയാളിൽ നിന്ന് പണം കൈപ്പറ്റിയവരിലേക്കും അന്വേഷണം നീളും. സെക്കൻഡ് ഹാൻഡ് വാഹന ഡീലറായ വരുൺ ദേവ് യുവതികളെ മറയാക്കിയാണ് ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ലഹരിമരുന്ന് കടത്തിയിരുന്നത്. സംഘത്തിലെ യുവാക്കളെ ഉപയോഗിച്ചായിരുന്നു വില്പന. 250, 500 ഗ്രാം വീതമുള്ള പാക്കറ്റുകളിലായാണ് ഇടപാടുകൾ നടത്തിയിരുന്നത്.
തിരുവനന്തപുരം ഉൾപ്പെടെ എല്ലാ ജില്ലകളിലും വരുൺ ദേവിന് വിതരണക്കാരുണ്ട്. സാധാരണയായി ലഹരി ഇടപാടുകൾക്ക് നേരിട്ട് ഇറങ്ങാത്ത വരുൺ ദേവ്, തന്റെ സംഘത്തിലെ രണ്ടുപേരെ ഡാൻസാഫ് സംഘം നേരത്തെ അറസ്റ്റ് ചെയ്തതോടെയാണ് നേരിട്ട് വിതരണത്തിന് ഇറങ്ങിയത്. ഇതോടെയാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. വരുൺ ദേവിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ലഹരി ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണമാണ് എക്സൈസ് നടത്തുന്നത്.
പിടികൂടിയത് കൃത്രിമ ബ്ലോക്ക് സൃഷ്ടിച്ച്
കലൂരിലെ ആഡംബര ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 49ഗ്രാം എം.ഡി.എം.എയുമായി പറവൂർ മന്നം സ്വദേശി സിദ്ദിഖ് (27), പച്ചാളം സ്വദേശി ഫിനല മരിയ ഡി റോസാരിയോ (18) എന്നിവർ പിടിയിലായതാണ്, മാസങ്ങളായി അന്വേഷിച്ചുകൊണ്ടിരുന്ന വരുൺ ദേവിലേക്ക് എക്സൈസ് എത്തിയത്. ഓണക്കാലത്തെ വില്പനയ്ക്കായി കോട്ടയത്തുനിന്ന് വൈറ്റിലയിലേക്ക് വരുൺദേവും വിപിനും മഹീന്ദ്ര ഥാർ ജീപ്പിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് വലവിരിച്ചു. വാഹനത്തിന് രക്ഷപ്പെടാൻ കഴിയാത്തവിധം റോഡിൽ കൃത്രിമ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ജീപ്പിന്റെ സ്റ്റിയറിംഗിന് അടിയിലാണ് 232 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |