SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

ജാഗ്രത... ജൂതപ്പള്ളികളിലെ സുരക്ഷ ശക്തമാക്കി

synagog
കടവുംഭാഗം സിനഗോഗിന്റെ ഉൾഭാഗം

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ കടവുംഭാഗം ജൂതപ്പള്ളി കവാടത്തിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സിനഗോഗുകളുടെ സുരക്ഷാക്രമീകരണം ശക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ എറണാകുളം ജൂതപ്പള്ളിയിലുണ്ടായ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് മട്ടാഞ്ചേരി പരദേശി ജൂതപ്പള്ളി ഒരു ദിവസത്തേക്ക് അടച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച സന്ദ‌ർശക‌ർക്ക് ഏ‌‌ർപ്പെടുത്തിയ വിലക്ക് ഇന്നലെ നീക്കിയെങ്കിലും സുരക്ഷയും നിരീക്ഷണവും ശക്തമാണ്.

ജൂതൻമാരുമായി ബന്ധപ്പെട്ട് രാജ്യാന്തരതലത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ അലയൊളികൾ കൊച്ചിയിലും പ്രകടമാണ്. കാലാകാലങ്ങളിൽ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ മുൻനിറുത്തിയാണ് ജില്ലയിലെ ജൂതപ്പള്ളികളുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്.

ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ പറവൂർ ജൂതപ്പള്ളിയിൽ ഒരു മാസമായി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നാളുകളായി ഏർപ്പെടുത്തിയ 24മണിക്കൂർ പൊലീസ് കാവലിന് പുറമെ, അധിക പെട്രോളിംഗ് ഏർപ്പെടുത്തിയതായി പറവൂർ പൊലീസ് പറഞ്ഞു. കൺട്രോൾ റൂം വാഹന നിരീക്ഷണവുമുണ്ട്.

ആക്രമണം നടന്ന എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിയിലെ പൊലീസ് കാവൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പിൻവലിച്ച ശേഷം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. ഇവിടെ സന്ദർശകർ ഇല്ലാത്തതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ കുറവായിരുന്നു.

കേരളത്തിൽ ഏറ്റവും വലിയ സുരക്ഷാ ഭീഷണി നേരിടുന്ന ജൂത പൈതൃക സ്മാരകം മട്ടാഞ്ചേരി ജൂതപ്പള്ളിയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഇരട്ടിയാണ്. ഇൻഫ്രാറെഡ് ബീം, വൈബ്രേഷൻ ഡിറ്റക്ടർ, മോഷൻ സെൻസേഴ്സ് എന്നിവ ഇവിടെയുണ്ട്. സിനഗോഗിനകത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ വഴിയാണ് കടത്തിവിടുന്നത്. സായുധ പൊലീസാണ് മട്ടാഞ്ചേരി സിനഗോഗിന് കാവൽ നിൽക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL